പടിഞ്ഞാറൻ സൗദി തീരത്ത് വിനോദസഞ്ചാര കേന്ദ്രം
text_fieldsജിദ്ദ സെൻട്രൽ പ്രോജക്ട് രൂപരേഖ
ജിദ്ദ: ‘വിഷൻ 2030’ പ്രകാരം സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും ആഗോള ടൂറിസം വ്യാപ്തി വികസിപ്പിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ സുപ്രധാന പദ്ധതികളിൽ ഒന്നാണ് ജിദ്ദ സെൻട്രൽ പദ്ധതിയെന്ന് ജിദ്ദ സെൻട്രൽ ഡെവലപ്മെൻറ് കമ്പനി ചീഫ് പ്രോജക്ട് ഓഫിസർ മർദി അൽമൻസൂർ പറഞ്ഞു. 2025ലെ ടൂറിസ്റ്റ് ഉച്ചകോടിക്കിടെ ‘എ.ബി.സി മോണ്ടിയലിന്’ നൽകിയ അഭിമുഖത്തിലാണ് ജിദ്ദ സെൻട്രൽ പദ്ധതിയുടെ വ്യാപ്തിയും അഭിലാഷവും അൽമൻസൂർ വിശദീകരിച്ചത്.
പുതിയ ആഗോള വിപണികളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നതിൽ സൗദിയുടെ വർധിച്ചുവരുന്ന താൽപര്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സൗദിയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ജിദ്ദ സെൻട്രൽ ചെങ്കടലിനോട് ചേർന്ന് 57 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഇത് ഒരു സംയോജിത നഗര, സാംസ്കാരിക, ടൂറിസം കേന്ദ്രമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും അൽമൻസൂർ പറഞ്ഞു.
പൊതുനിക്ഷേപ ഫണ്ടിെൻറ ഉടമസ്ഥതയിലുള്ള പദ്ധതിയിൽ താമസ, വാണിജ്യ, വിനോദ, സ്പോർട്സ് ഡിസ്ട്രിക്റ്റുകൾ ഉൾപ്പെടും. നാല് പ്രധാന ലാൻഡ് മാർക്കുകളുണ്ടായിരിക്കും. ഓപ്പറ ഹൗസ്, നെക്സ്റ്റ് ജെൻ സ്റ്റേഡിയം, ഓഷ്യാനേറിയം, രാജ്യത്തിെൻറ ആദ്യത്തെ ജല ഡീസലൈനേഷൻ പ്ലാന്റിന്റെ പാരമ്പര്യം ആഘോഷിക്കുന്ന ഒരു ഡീസലൈനേഷൻ മ്യൂസിയം എന്നിവയും പദ്ധതിയിലുപ്പെടും.
‘ഒരു നഗരത്തിനുള്ളിലെ ഒരു നഗരം’ എന്നാണ് ഈ വികസനത്തെ വിശേഷിപ്പിക്കാനാകുക. സന്ദർശകർക്ക് തടസ്സമില്ലാത്തതും അവിസ്മരണീയവുമായ അനുഭവം പ്രദാനം ചെയ്യുന്നതിന് ബീച്ചുകൾ, ഹോട്ടലുകൾ, സാംസ്കാരിക ആസ്തികൾ, വിനോദ മേഖലകൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഇതിെൻറ രൂപകൽപന. 2034ലെ ഫിഫ ലോകകപ്പിനുള്ള വേദികളിൽ ഒന്നായി മാറാൻ പോകുന്ന പുതിയ സ്റ്റേഡിയത്തിൽ 45,000 കാണികളെ ഉൾക്കൊള്ളാൻ കഴിയും.
കൂടാതെ ആരാധകർക്കും കളിക്കാർക്കും അനുയോജ്യമായ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിന് ഇൻറീരിയർ, എക്സ്റ്റീരിയർ കാലാവസ്ഥ നിയന്ത്രണ സംവിധാനങ്ങളും ചലിപ്പിക്കാൻ പറ്റുന്ന മേൽക്കൂരയും ഉണ്ടായിരിക്കും. റസ്റ്റാറൻറുകൾ, ഹോട്ടലുകൾ, ഫാമിലി കോർണറുകൾ, വിനോദ ഇടങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. ‘വിഷൻ 2030’ന് അനുസൃതമായി സുസ്ഥിരത, വാസ്തുവിദ്യ നവീകരണം, പ്രകൃതി പരിസ്ഥിതിയുമായുള്ള ബന്ധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതിയെന്നും അൽമൻസൂർ പറഞ്ഞു. രാജ്യത്തിെൻറ സാങ്കേതിക പുരോഗതിയും സൗദിയുടെ ഭൂതകാലത്തിലും ഭാവിയിലും ജലത്തിെൻറ കേന്ദ്ര പങ്കിനെയും പ്രതിഫലിപ്പിക്കുന്ന ഒരു നാഴികക്കല്ലായി മ്യൂസിയം ഇതിനൊപ്പം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


