Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാ​ൻ മിസൈലുകളെ സൗദി...

ഇറാ​ൻ മിസൈലുകളെ സൗദി ആകാശ​ത്ത്​ തകർത്തത് ‘പാട്രിയറ്റും’ ‘താഡും’ ചേർന്ന്

text_fields
bookmark_border
ഇറാ​ൻ മിസൈലുകളെ സൗദി ആകാശ​ത്ത്​ തകർത്തത് ‘പാട്രിയറ്റും’ ‘താഡും’ ചേർന്ന്
cancel

റിയാദ്: ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോള യുദ്ധമായി പടരുന്നതിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ സൗദി അറേബ്യ ആകാശ​ത്തുവെച്ച് തന്നെ പ്രതിരോധിച്ചു. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ പാട്രിയറ്റ്, താഡ് എന്നിവ ഉപയോഗിച്ച് മിസൈലുകളെ ആകാശത്തുവെച്ചുതന്നെ തകർത്ത സൗദി സൈന്യം, രാജ്യത്തിന് നേരെ വന്ന ഭീഷണിയെ പൂർണമായും നിഷ്പ്രഭമാക്കി.

തലസ്ഥാനമായ റിയാദ്, എണ്ണസമ്പന്നമായ കിഴക്കൻ പ്രവിശ്യ, അതിർത്തി നഗരമായ ജിസാൻ എന്നിവിടങ്ങളെ ലക്ഷ്യമാക്കി വന്ന ബാലിസ്​റ്റിക് മിസൈലുകളെയും ഡ്രോണുകളെയും സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് വെടിവെച്ചിട്ടു. സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ എണ്ണ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും തകർക്കുക എന്ന ലക്ഷ്യത്തോടെ തൊടുത്ത മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തും മുൻപേ തന്നെ തകർക്കപ്പെട്ടു. മിസൈലുകൾ തകർന്നതിനെത്തുടർന്നുണ്ടായ അവശിഷ്​ടങ്ങൾ ജനവാസമില്ലാത്ത ഇടങ്ങളിൽ പതിച്ചതൊഴിച്ചാൽ മറ്റ് നാശനഷ്​ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സൗദി അറേബ്യയുടെ കൈവശമുള്ള അമേരിക്കൻ നിർമിത പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനവും, ദീർഘദൂര മിസൈലുകളെ തകർക്കാൻ ശേഷിയുള്ള താഡ് സിസ്​റ്റവുമാണ് ഈ നിർണായക ഘട്ടത്തിൽ രാജ്യത്തിന് സുരക്ഷാ കവചമായത്. റിയാദിന് മുകളിൽ മിസൈലുകൾ തകരുന്നതി​െൻറ പ്രകാശം കണ്ടതായി ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തി.

തങ്ങളുടെ പരമാധികാരത്തിന്മേൽ കടന്നുകയറാൻ ശ്രമിക്കുന്ന ഏതൊരു ശക്തിയെയും നേരിടാൻ സൗദി അറേബ്യ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ‘രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല. ഞങ്ങളുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഏത് ആക്രമണത്തെയും നേരിടാൻ പ്രാപ്തമാണ്’ -മന്ത്രാലയം അറിയിച്ചു.

ആക്രമണശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും രാജ്യം അതീവ ജാഗ്രതയിലാണ്. അരാംകോ ഉൾപ്പെടെയുള്ള പ്രധാന എണ്ണ ഉൽപാദന കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി. റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവിസുകളിൽ മുൻകരുതൽ എന്ന നിലയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Show Full Article
TAGS:Iran Israel Tensions patriot THAAD Saudi Arabia Missile 
News Summary - 'Patriot' and 'THAAD' destroy Iranian missiles in Saudi skies
Next Story