സമുദ്ര സംരക്ഷിത മേഖലയിൽ 30 ലക്ഷം കണ്ടൽ സസ്യങ്ങൾ നടീലിന് തുടക്കം
text_fieldsജുബൈൽ കടൽത്തീര മേഖലയിൽ 30 ലക്ഷം കണ്ടൽ സസ്യ നടീൽ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ
ജുബൈൽ: സമുദ്ര സംരക്ഷിത മേഖലയിൽ തീരദേശ സസ്യജാലങ്ങൾ വർധിപ്പിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും 30 ലക്ഷം കണ്ടൽ സസ്യങ്ങൾ നടുന്ന പദ്ധതിക്ക് തുടക്കം. നാഷനൽ സെന്റർ ഫോർ വൈൽഡ്ലൈഫും സൗദി അറേബ്യൻ മൈനിങ് കമ്പനി മആദിനും ചേർന്നാണ് ജുബൈൽ കടൽത്തീര മേഖലയിൽ നടീൽ പദ്ധതി നടപ്പാക്കുന്നത്.
സൗദി അറേബ്യയുടെ സ്വപ്നപദ്ധതിയായ ‘വിഷൻ 2030’ന്റെ കീഴിൽ സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഈ യജ്ഞം.
കണ്ടൽ സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡ് സംഭരിക്കുന്നതിൽ ഏറെ പങ്കുവഹിക്കാൻ കഴിയുന്ന സസ്യങ്ങളിലൊന്നാണ്. അന്തരീക്ഷത്തിലുള്ള കാർബൺ ആഗിരണത്തിനും നശിച്ചുപോയ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും.
കാലാവസ്ഥ വ്യതിയാനത്തെ നേരിടാനും തീരപ്രദേശങ്ങളെ മണ്ണൊലിപ്പിൽനിന്ന് സംരക്ഷിക്കാനും വിവിധ സമുദ്രജീവികളുടെ പുനരുൽപാദനത്തിനും ആവശ്യമായ സുരക്ഷിത അന്തരീക്ഷം നൽകുന്നതിനും ഇത് ഇടയാക്കും.
സൗദി ഗ്രീൻ ഇനിഷ്യേറ്റിവിന് അനുസൃതമായി പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും സംരക്ഷിത പ്രദേശങ്ങളിൽ സസ്യജാലങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനുമുള്ള പരിപാടികളാണ് ലക്ഷ്യമിടുന്നത്.
സൗദി തീരങ്ങളിൽ 10 കോടിയിലധികം കണ്ടൽകാടുകൾ ഉൾപ്പെടെ 10 ശതകോടി മരങ്ങൾ നട്ടുപിടിപ്പിക്കുക വഴി ആഗോള പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനുള്ള രാജ്യത്തിന്റെ നയങ്ങളുടെ ഭാഗമാണിത്.