20 രാജ്യങ്ങളിൽ നിന്നുള്ള 100 സംരംഭകർക്ക് പ്രീമിയം ഇഖാമ അനുവദിച്ചു
text_fields‘ബീബാൻ 2005’ സംരംഭകത്വ മേളയിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 100 സംരംഭകർക്ക് പ്രീമിയം ഇഖാമ വിതരണം ചെയ്തപ്പോൾ
റിയാദ്: ലോകമെമ്പാടുമുള്ള 20ലധികം രാജ്യങ്ങളിൽനിന്നുള്ള 100 സംരംഭകർക്ക് പ്രീമിയം ഇഖാമ അനുവദിച്ചു. ‘അവസരങ്ങൾക്കായുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനം’ എന്ന പ്രമേയത്തിൽ റിയാദ് ഫ്രൻറ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സന്റെറിൽ ചെറുകിട, ഇടത്തരം സംരംഭക ജനറൽ അതോറിറ്റി (മുൻഷാത്തി)ന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ആരംഭിച്ച ‘ബീബാൻ 2005’ ഫോറത്തിലാണ് നടപടി.
വാണിജ്യ സംരംഭകർക്കും മറ്റ് പ്രതിഭകൾക്കും നൽകുന്ന സവിശേഷ അവകാശങ്ങളും ആനുകൂല്യങ്ങളും പ്രത്യേകതകളുമുള്ള റസിഡൻറ് പെർമിറ്റാണ് പ്രീമിയം ഇഖാമ. സൗദിയിൽ തങ്ങളുടെ ബിസിനസുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന നൂതന സാങ്കേതിക പരിഹാരങ്ങളുള്ള സ്റ്റാർട്ടപ്പുകൾക്കായി രൂപകൽപന ചെയ്ത സംരംഭക ഇഖാമയാണ് ചടങ്ങിൽ വിതരണം ചെയ്തത്.
സംരംഭകർക്ക് പ്രീമിയം റെസിഡൻസി നൽകുന്നത് ലോകമെമ്പാടുമുള്ള സംരംഭകരെ ആകർഷിക്കുന്നതിന്റെ ഭാഗമാണ്. മത്സരശേഷിയും സാമ്പത്തിക സുസ്ഥിരതയും ഉത്തേജിപ്പിക്കുന്ന ഒരു സംരംഭക അന്തരീക്ഷത്തിൽ വിദേശി സംരംഭകരെ ബിസിനസുകൾ വികസിപ്പിക്കാൻ പ്രാപ്തരാക്കുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് നടപടിയെന്നും പ്രീമിയം ഇഖാമ സന്റെർ അധികൃതർ പറഞ്ഞു.
എക്സപ്ഷനൽ കോംപിറ്റൻസ് ഇഖാമ, ടാലൻറ് ഇഖാമ, ബിസിനസ് ഇൻവെസ്റ്റർ ഇഖാമ, എൻറർപ്രണർ ഇഖാമ, പ്രോപ്പർട്ടി ഓണർ ഇഖാമ, ഫിക്സഡ്-ടേം ഇഖാമ, അനിശ്ചിതകാല ഇഖാമ എന്നീ ഏഴ് തരം പ്രീമിയം ഇഖാമകളാണ് നൽകുന്നത്. ഇതിന്റെ ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. കുടുംബാംഗങ്ങൾക്കൊപ്പം സൗദിയിൽ താമസിക്കുകയും ബിസിനസ് നടത്തുകയും വസ്തുവകകൾ സ്വന്തമാക്കുകയും ബന്ധുക്കൾക്ക് സന്ദർശന സൗകര്യം ഒരുക്കാനാവുകയും ചെയ്യാനാവും. ഇവ കൂടാതെ നിരവധി മറ്റ് ആനുകൂല്യങ്ങളും ഉണ്ട്.
‘ബിബാൻ 2025’ ഫോറം സ്റ്റാർട്ടപ്പുകളെ പിന്തുണക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയാണെന്നും പ്രീമിയം ഇഖാമ സന്റെർ അധികൃതർ അഭിപ്രായപ്പെട്ടു. ഇത് സംരംഭകരെ നിക്ഷേപ വിദഗ്ധരുമായി ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഉത്തേജക അന്തരീക്ഷം പ്രദാനം ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തും വളർച്ചക്കും വികാസത്തിനുമുള്ള അറിവും അവസരങ്ങളും കൈമാറ്റം ചെയ്യാൻ ഇത് പ്രാപ്തമാക്കുന്നു.


