'മുഹമ്മദ് നബിയുടെ ജീവിതം വിമർശനങ്ങളെ അതിജീവിക്കുന്നത്' -ശുക്കൂർ സ്വലാഹി
text_fieldsജുബൈൽ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ ശുക്കൂർ സ്വലാഹി സംസാരിക്കുന്നു
ജുബൈൽ: മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന പ്രവാചക ജീവിതം ചരിത്രത്തിൽ സുതാര്യമാണെന്നും വിമർശനങ്ങളെ അതിജീവിച്ച് അത് പ്രകാശിച്ചുനിൽക്കുന്നതാണെന്നും യുവ പണ്ഡിതനും ഐ.എസ്.എം സ്റ്റേറ്റ് ജനറൽ സെക്രട്ടറിയുമായ ശുക്കൂർ സ്വലാഹി പറഞ്ഞു.‘മുഹമ്മദ് നബി മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന ശീർഷകത്തിൽ ഇസ്‌ലാഹി സെന്റർ നടത്തുന്ന സൗദി ദേശീയ കാമ്പയിന്റെ ഭാഗമായി ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ (കെ.എൻ.എം.) സംഘടിപ്പിച്ച ഫാമിലി മീറ്റിങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് സംസാരിച്ച എം.എസ്.എം സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജംഷീദ് സുല്ലമി ഇരിവേറ്റി, സ്വതന്ത്രചിന്താ പ്രസ്ഥാനങ്ങൾ കാമ്പസുകളിൽ സൃഷ്ടിക്കുന്ന അരാജകത്വങ്ങളെക്കുറിച്ചും ധാർമിക ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഓർമ്മിപ്പിച്ചു.
കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉപന്യാസ, പ്രസംഗ മത്സരങ്ങളെക്കുറിച്ച് അബ്ദുല്ലത്തീഫ് മദനി ചടങ്ങിൽ വിശദീകരിച്ചു. ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ് മുഹമ്മദ് കബീർ സലഫി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഐ.എസ്.എം ജുബൈൽ പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി. നിസാറുദ്ദീൻ ഉമർ സ്വാഗതവും ഗസാലി ബറാമി നന്ദിയും പറഞ്ഞു.


