500 കിലോയിലേറെ ഭാരമുള്ള മത്തങ്ങകൾ, അത്ഭുത കാഴ്ച ബുറൈദ പഴമേളയിൽ
text_fieldsറിയാദ്: മത്തങ്ങാ വലിപ്പം എന്ന് കേട്ടിട്ടുണ്ട്. ആ വലിപ്പത്തിന് 500 കിലോ ഭാരമായാലോ? അത്ഭുതകരമായ മത്തങ്ങാവിശേഷം ബുറൈദയിലെ പഴം, പച്ചക്കറി പ്രദർശന മേളയിലാണ്. അൽ ഖസീം ഗവർണറേറ്റും ഖസിം ചേംബർ ഓഫ് കോമേഴ്സും ചേർന്ന് സംഘടിപ്പിച്ച വിവിധ പഴവർഗങ്ങളുടെയും പച്ചക്കറിയിനങ്ങളുടെയും പ്രദർശനമേളയിലാണ് അത്യപൂർവ വലിപ്പമുള്ള മത്തങ്ങകൾ ഇടം പിടിച്ചത്.
മേളയിൽ അണിനിരന്നിട്ടുള്ള എല്ലായിനം ഫലവർഗങ്ങളും പ്രാദേശികമായി ഉൽപാദിപ്പിച്ചതാണ്. കർഷകരും കാർഷിക പ്രേമികളും അടങ്ങുന്ന വലിയ ജനക്കൂട്ടം ഉദ്ഘാടന ദിവസം മുതൽ മേളയിൽ നിറയുന്നുണ്ട്. അതിനിടയിലാണ് 500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഭീമൻ മത്തങ്ങകൾ മുഴുവനാളുകളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഇവയുൾപ്പെടെ 150-ലധികം ഇനം മത്തങ്ങകളുടെ ശ്രദ്ധേയ പ്രദർശനമാണ് മേളയിലെ മുഖ്യ ആകർഷണം. ശനിയാഴ്ച ആരംഭിച്ച മേള മൂന്ന് ദിവസം നീണ്ടുനിൽക്കും. ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 11 വരെയാണ് മേളയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം. ഖസീം മേഖലയ്ക്ക് പേരുകേട്ട വൈവിധ്യമാർന്ന സീസണൽ കാർഷികോൽപന്നങ്ങളാണ് മേളയിൽ എത്തിയിട്ടുള്ളത്.
കൂടാതെ തണ്ണിമത്തൻ, കാന്താരി, സ്ട്രോബെറി, മുന്തിരി, മാതളനാരങ്ങ, പീച്ച്, അത്തിപ്പഴം എന്നിവയുടെ വൈവിധ്യമാർന്ന ശേഖരം സന്ദർശകർക്ക് മുന്നിൽ നിരന്നിരിക്കുന്നുണ്ട്. പുതിയ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന് പുറമെ മേളയിൽ സന്ദർശകർക്ക് പങ്കെടുക്കാനാവുന്ന ആകർഷകമായ നിരവധി ആക്റ്റിവിറ്റികളുമുണ്ട്. മത്തങ്ങ കൊണ്ടുള്ള തത്സമയ കുക്കിങ് ഷോ ഉൾപ്പടെ ആസ്വദിക്കാനും രുചി വിവിധ ഉൽപ്പന്നങ്ങൾ പരീക്ഷിക്കാനും കാർഷിക പരിജ്ഞാനം നേടാനും ഭക്ഷ്യ സംസ്കാരം സമ്പന്നമാക്കാനും സഹായിക്കുന്ന നിരവധി പരിപാടികൾ മേളയിലുണ്ട്.