തീരക്കാഴ്ചകളും രുചിഭേദങ്ങളുമായി ഖത്വീഫ് സീ-ഫ്രണ്ട്
text_fieldsഖത്വീഫ് സീ-ഫ്രന്റിലെ കാഴ്ചകൾ
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് അൽ ശുബൈലി ഡിസ്ട്രിക്റ്റിൽ ഇമാം അൽ ഹുസൈൻ റോഡിൽ കടലിന് അഭിമുഖമായി പൂർത്തിയാക്കിയ സീ-ഫ്രണ്ട് പ്രോജക്റ്റ് ജനശ്രദ്ധ നേടുന്നു. വിശാലമായ പാർക്കിങ് സൗകര്യത്തോടെ ഏറ്റവും ആധുനിക മാതൃകയിലാണ് ഇതിന്റെ നിർമിതി. കടലിന്റെയും ഖത്വീഫ് കോർണീഷിന്റെയും പശ്ചാത്തലത്തിൽ അതിമനോഹരമായ കാഴ്ചയാണ് സീ-ഫ്രണ്ടിൽനിന്നുള്ളത്. 30 മാസം കൊണ്ട് പൂർത്തിയാക്കിയ ഈ പദ്ധതിക്ക് 65,000 ചതുരശ്ര മീറ്റർ വിസ്തീർണമാണുള്ളത്.
മോഡേണായ വസ്ത്രക്കടകളും ഭക്ഷണശാലകളും ഒക്കെയായി കുടുംബങ്ങൾക്ക് ഷോപ്പിങ്ങിനും വിനോദങ്ങൾക്കുമായി സമയം ചെലവഴിക്കാൻ കഴിയുന്ന നല്ലൊരിടമാണിത്. കടൽക്കാറ്റും ഭക്ഷണഗന്ധങ്ങളും ചേർന്നൊരുക്കുന്ന ആഘോഷാന്തരീക്ഷം ചെറുതല്ല. ഓളങ്ങളുടെ ശബ്ദ പശ്ചാത്തലത്തിൽ കുടുംബങ്ങളും കൂട്ടുകാരും ബന്ധങ്ങളുടെ ഊഷ്മളത പങ്കുവെക്കാൻ ആഴ്ചാന്ത്യത്തിൽ കൂട്ടത്തോടെയെത്തുന്നുണ്ട് ഇവിടെ. ജലധാരകളും ശബ്ദ വെളിച്ചങ്ങളുടെ ആനുപാതിക ലയനവും സന്ദർശകർക്ക് ആവേശം പകരും.
മുന്തിയ ഇനം പർദ്ദകൾ, പെർഫ്യൂമുകൾ, ആഭരണങ്ങൾ, ചോക്കലേറ്റുകൾ തുടങ്ങിയവയൊക്കെ ഇവിടെനിന്ന് വാങ്ങാൻ കിട്ടും. ആഘോഷ വേളകളിൽ തീമുകൾക്കനുസൃതമായി സീസണൽ മാർക്കറ്റുകളും തുറക്കാറുണ്ട്. ലൈവ് ഷോകളും അരങ്ങേറുന്നത് ആസ്വദിക്കാൻ തദ്ദേശീയരും വിദേശികളുമായ നിരവധി ആളുകൾ ഇവിടെയെത്തും. പരിസരങ്ങളിലായി ഖത്വീഫിലെ പേരുകേട്ട റസ്റ്റാറന്റുകളും പ്രവർത്തിക്കുന്നുണ്ട്.
വികസന കാഴ്ചപ്പാടുകളിൽ രാജ്യം ടൂറിസത്തിന് നൽകുന്ന മുൻഗണനയും ഭരണാധികാരികളുടെ ദീർഘദൃഷ്ടിയും പ്രതിഫലിപ്പിക്കുന്നതാണ് പ്രകൃതിയും ആധുനികതയും ഒത്തുചേരുന്ന ഖത്വീഫ് സീ-ഫ്രണ്ട്. അന്തർദേശീയ ബ്രാൻഡുകൾക്കൊപ്പം പ്രാദേശികമായ ബ്രാൻഡുകൾക്കും വലിയ പ്രാധാന്യമാണ് ഇവിടെയും ലഭിക്കുന്നത്.