Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅപൂർവ ഖുർആൻ...

അപൂർവ ഖുർആൻ കൈയെഴുത്തുപ്രതി ശ്രദ്ധാകേന്ദ്രമാകുന്നു

text_fields
bookmark_border
അപൂർവ ഖുർആൻ കൈയെഴുത്തുപ്രതി ശ്രദ്ധാകേന്ദ്രമാകുന്നു
cancel

മക്ക: പ്രവാചകൻ മുഹമ്മദ് നബിക്ക് ആദ്യ ദിവ്യവെളിപാട് ലഭിച്ച ചരിത്രപ്രസിദ്ധമായ ജബലുന്നൂറിലെ ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ ഖുർആൻ കൈയെഴുത്തുപ്രതി സന്ദർശകർക്കിടയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. അറബിക് കാലിഗ്രഫിയുടെ സൗന്ദര്യവും സവിശേഷമായ രചനാശൈലിയും ഒത്തുചേരുന്ന 60 പേജുകളുള്ള ഈ കൃതി ആഗോളതലത്തിൽ തന്നെ വേറിട്ടുനിൽക്കുന്ന ഒന്നാണ്.

ഈ സവിശേഷ പതിപ്പിന്റെ ഓരോ പേജിലും ഖുർആനിലെ ഓരോ ‘ഹിസ്ബ്’ (പാരായണ സൗകര്യത്തിനായി തിരിച്ച ഭാഗങ്ങൾ) വീതമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അറബിക് കാലിഗ്രഫി കലയുടെ തനിമ ചോരാതെ തയ്യാറാക്കിയ ഈ പതിപ്പ്, നൂറ്റാണ്ടുകളായി മുസ്‌ലിം ലോകം ഖുർആനോട് പുലർത്തുന്ന ആദരവും അതിെൻറ സംരക്ഷണത്തിനായി സ്വീകരിച്ചിട്ടുള്ള ഉന്നതമായ മാർഗങ്ങളുമാണ് പ്രതിഫലിപ്പിക്കുന്നത്. പിൽക്കാലത്ത് ഈ കൈയെഴുത്തുപ്രതിയുടെ മാതൃകയിൽ ഒരു ടുണീഷ്യൻ പ്രസിദ്ധീകരണ സ്ഥാപനം ഖുർആൻ അച്ചടിച്ചിറക്കിയിട്ടുണ്ട്. മക്ക റോയൽ കമ്മീഷെൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സാംസ്‌കാരിക കേന്ദ്രം ഇതിനകം തന്നെ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കൈയെഴുത്തുപ്രതി പ്രദർശിപ്പിച്ച മ്യൂസിയം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡും ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റ് സ്വന്തമാക്കിയിരുന്നു. ഖുർആൻ പകർത്തിയെഴുത്തിെൻറ ചരിത്രവും നാൾവഴികളും സന്ദർശകർക്ക് ലളിതമായി മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലുള്ള അത്യാധുനികമായ ഇൻട്രാക്ടീവ് പ്രദർശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

മക്കയുടെ ചരിത്രവും പൈതൃകവും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് അറിവും ആത്മീയതയും പകരുന്ന സന്ദർശന കേന്ദ്രമാണ് ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റ്. ഹിറ പർവതം, ഹിറ ഗുഹ എന്നിവയുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. സൗദി അറേബ്യയുടെ ടൂറിസം-സാംസ്കാരിക മേഖലകളിലെ സുപ്രധാന നാഴികക്കല്ലായി മാറിക്കൊണ്ടിരിക്കുന്ന ഈ പദ്ധതി, മസ്ജിദുൽ ഹറമിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. പ്രവാചക ചരിത്രം തുടിക്കുന്ന പുണ്യഭൂമിയിലെ ഈ കേന്ദ്രം സന്ദർശിക്കാൻ രാപകൽ ഭേദമന്യേ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Show Full Article
TAGS:
News Summary - Rare Quran manuscript becomes the center of attention
Next Story