സൗദിയിൽ റിയൽ എസ്റ്റേറ്റ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞു
text_fieldsയാംബു: സൗദിയിൽ റിയൽ എസ്റ്റേറ്റ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. 2025ലെ മൂന്നാംപാദത്തിൽ 1.3 ശതമാനമായി കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സാമ്പത്തികാവലോകന റിപ്പോർട്ടിലാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ 0.4 ശതമാനം വളർച്ച നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ റെസിഡൻഷ്യൽ മേഖലയുടെ പ്രകടനത്തിൽ 0.9 ശതമാനം കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാൻ കാരണമായത്. എന്നാൽ മറ്റ് റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഗണ്യമായ വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്.
2024 ലെ ഇതേ പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ 6.8 ശതമാനം വർധനവ് വാണിജ്യ മേഖലയുടെ നേതൃത്വത്തിലായിരുന്നു. വാണിജ്യ പ്ലോട്ട് വിലയിൽ 7.2 ശതമാനം വർധനവ്, കെട്ടിട വിലയിൽ 3.3 ശതമാനം വർധന, ഷോറൂം വിലയിൽ 1.1 ശതമാനം വർധനവ് എന്നിവയാണ് ഇതിന് കാരണമായത്.
റിയൽ എസ്റ്റേറ്റ് വില സൂചിക റിപ്പോർട്ട് പ്രകാരം ഭൂമിയുടെ വിലയിൽ 0.9 ശതമാനം ഇടിവും അപ്പാർട്ട്മെന്റ് വിലയിൽ 1.7 ശതമാനം ഇടിവും കാണിച്ചു. അതേസമയം, വില്ലയുടെ വിലയിൽ 0.2 ശതമാനവും റെസിഡൻഷ്യൽ ഫ്ലോർ വിലയിൽ 0.3 ശതമാനവും വർധനയുണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതേ സാഹചര്യത്തിൽ വാണിജ്യ ഭൂമിയുടെ വിലയിൽ 1.8 ശതമാനം ഇടിവും ഷോറൂം വിലയിൽ 0.5 ശതമാനം ഇടിവും മൂലം റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിൽ ത്രൈമാസ അടിസ്ഥാനത്തിൽ 1.6 ശതമാനം ഇടിവാണുണ്ടായത്.
അതേസമയം, കെട്ടിട വിലയിൽ 1 ശതമാനം വർധനവും പ്രകടമായി. 2025 ലെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കാർഷിക മേഖലയിലെ റിയൽ എസ്റ്റേറ്റ് 7.3 ശതമാനം വളർച്ച നേടി. കാർഷിക ഭൂമിയുടെ വിലയിലെ 7.3 ശതമാനം വർധനവ് ഇതിന് കാരണമായി. വിവിധ പ്രദേശങ്ങളിലെ റിയൽ എസ്റ്റേറ്റ് പണപ്പെരുപ്പത്തിന്റെ വിതരണത്തെ സംബന്ധിച്ചിടത്തോളം, റിയാദ് മേഖലയിൽ വളർച്ച 1 ശതമാനമായി കുറഞ്ഞു.
കിഴക്കൻ പ്രവിശ്യയിലാണ് റിയൽ എസ്റ്റേറ്റ് വിലയിൽ ഏറ്റവും ഉയർന്ന വർധനവ് ആയ 6.1 ശതമാനം രേഖപ്പെടുത്തിയത്. നജ്‌റാൻ 3.7 ശതമാനം, തബൂക്ക് 3.4 ശതമാനം, മക്ക 1.9 ശതമാനം എന്നിങ്ങനെയാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയായത്. ഹാഇൽ, വടക്കൻ അതിർത്തികൾ, മദീന മേഖലകൾ എന്നിവിടങ്ങളിൽ യഥാക്രമം 7.3 ശതമാനം, 7.7 ശതമാനം, 8 ശതമാനം എന്നിങ്ങനെ ഏറ്റവും ഉയർന്ന ഇടിവ് രേഖപ്പെടുത്തിയതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.


