ചെങ്കടൽ ജൈവ വൈവിധ്യ നിരീക്ഷണം; പദ്ധതിയുടെ രണ്ടാം ഘട്ട പരിപാടികൾക്ക് തുടക്കം കുറിച്ചു
text_fieldsയാംബു: ചെങ്കടലിലെ ജൈവ വൈവിധ്യങ്ങളുടെ നിരീക്ഷണവും വേനൽക്കാലത്തെ ചെങ്കടൽ സീസണൽ പവിഴപ്പുറ്റുകളുടെ സംരക്ഷണവും ലക്ഷ്യം വെച്ച് നടപ്പിലാക്കിയ ചെങ്കടൽ ജൈവ വൈവിധ്യ നിരീക്ഷണത്തിന്റെ രണ്ടാംഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. നാഷനൽ സെന്റർ ഫോർ വൈൽഡ്ലൈഫ് കൺസർവേഷന്റെ ആഭിമുഖ്യ ത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൗതികവും രാസപരവുമായ ഘടകങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥക്ക നുകൂലമായ സാഹചര്യം ഉണ്ടാക്കാനും കൂടി പദ്ധതി ലക്ഷ്യം വെക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട ജൈവവൈവിധ്യ സംരക്ഷണം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും അവയുടെ സാന്നിധ്യം രേഖപ്പെടുത്തുന്നതിനും വികാസം മെച്ചപ്പെടുത്തുന്നതിനുമുള്ള ശാസ്ത്രീയ ശ്രമങ്ങൾ പരിപാടി യുടെ ഭാഗമായി നടക്കും. ഇതിനായി 'റിമോട്ട് സെൻസിംഗ്' പോലുള്ള ഏറ്റവും പുതിയ ശാസ്ത്രീയ സാങ്കേതിക വിദ്യകളെയാണ് പദ്ധതി ആശ്രയിക്കുന്നത്.
താപനില, ലവണാംശം, ക്ലോറോഫിൽ സാന്ദ്രത തുടങ്ങിയ ഭൗതികവും രാസപരവുമായ ഘടകങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം പവിഴപ്പുറ്റുക ളുമായി ബന്ധപ്പെട്ട ജൈവവൈവിധ്യത്തിന്റെ നിലയും ആരോഗ്യവും വിലയിരുത്തുന്നതിലും രണ്ടാംഘട്ടപരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും. മത്സ്യബന്ധന മാലിന്യങ്ങൾ, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളുടെ ആഘാതങ്ങൾ സർവേ ചെയ്യുകയും രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യും. മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും സമൃദ്ധിയെ കുറിച്ചുള്ള സമഗ്രമായ സർവേകൾ നടത്താനും പദ്ധതി ലക്ഷ്യം വെക്കുന്നു. പവിഴപ്പുറ്റുകളുടെ ജൈവവൈവിധ്യം നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു ആധുനിക ദേശീയ 'ഡാറ്റാബേസ്' നിർമിക്കുന്നതിന് ഈ ശ്രമങ്ങൾ സംഭാവന ചെയ്യുമെന്ന് വിലയിരുത്തുന്നു.
പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ജൈവ വൈവിധ്യ നിരീക്ഷണപദ്ധതി പ്രതിഫലിപ്പിക്കുന്നു. സമുദ്ര, തീരദേശ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിൽ പെട്ട കാര്യങ്ങൾ പൂർത്തിയാക്കാനും പരിപാടി വഴി സാധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ ചെങ്കടലിന്റെ വൈവിധ്യം പ്രകടിപ്പിക്കാൻ നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെന്റിന്റെ പ്രതിബദ്ധതയെ പുതിയ പദ്ധതി പ്രതിഫലിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.