റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവം: പുതിയ മൊബൈൽ ആപ് പുറത്തിറക്കി
text_fieldsജിദ്ദ: റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് പുതുതായി രൂപകൽപന ചെയ്ത മൊബൈൽ ആപ് പുറത്തിറക്കി. ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ അൽ ബലദിൽ ഡിസംബറിൽ അരങ്ങേറുന്ന മേളയിലേക്ക് സന്ദർശകർക്ക് തടസ്സമില്ലാത്ത ഡിജിറ്റൽ അനുഭവം നൽകുന്നതിനാണ് ആപ് രൂപകൽപന ചെയ്തിരിക്കുന്നത്. ഉത്സവത്തിന്റെ എല്ലാ വിവരങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന പൂർണമായി സംയോജിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് പുതിയ ആപ്. ചലച്ചിത്രോത്സവത്തിന് പോകുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത കൂട്ടാളിയായി ആപ് വർത്തിക്കും.
ചലച്ചിത്രങ്ങളുടെ പൂർണ വിവരങ്ങൾ, പ്രദർശന ഷെഡ്യൂളുകൾ, സിനിമകളുടെ സംക്ഷിപ്ത വിവരങ്ങൾ എന്നിവ ഉൾപ്പെടെ മുഴുവൻ സിനിമകളുടെ വിവരങ്ങളും ഉപയോക്താക്കൾക്ക് ആപ്പിലൂടെ അറിയാൻ കഴിയും. പാനൽ ചർച്ചകൾ, മാസ്റ്റർ ക്ലാസുകൾ, പ്രത്യേക ഇവൻറുകൾ എന്നിവയുടെ വിശദാംശങ്ങൾ ബ്രൗസ് ചെയ്യാനും ആപ് അവസരം നൽകുന്നു. സിനിമകൾക്കും മറ്റ് പരിപാടികൾക്കുമുള്ള ടിക്കറ്റുകൾ എളുപ്പത്തിൽ റിസർവ് ചെയ്യാനും വാങ്ങാനും ആപ് വഴി കഴിയും.
ഇൻട്രാക്ടീവ് മാപ്പുകൾ വഴി ചലച്ചിത്രോത്സവം നടക്കുന്ന വേദികൾ എളുപ്പത്തിൽ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സഹായിക്കും. ആപ്പിൾ ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും പുതിയ ആപ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ഡിസംബർ നാല് മുതൽ 13 വരെയാണ് റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അഞ്ചാം പതിപ്പ് ജിദ്ദയിലെ അൽബലദിൽ അരങ്ങേറുന്നത്.


