Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ് രാജ്യങ്ങൾക്കെതിരെ...

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം: അപലപിച്ച്​ മത പണ്ഡിതർ

text_fields
bookmark_border
ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം: അപലപിച്ച്​ മത പണ്ഡിതർ
cancel
camera_alt

മുസ്​ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുസ്ലിം പണ്ഡിതസഭ അധ്യക്ഷനുമായ ശൈഖ്​ ഡോ. മുഹമ്മദ് അൽ ഈസ

റിയാദ്: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ്-അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന നഗ്നമായ ആക്രമണങ്ങളെ മുഫ്തിമാരും ഇസ്ലാമിക ലോകത്തെ പ്രമുഖ പണ്ഡിതരും കടുത്ത ഭാഷയിൽ അപലപിച്ചു. ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം അക്രമങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പണ്ഡിതസഭ അറിയിച്ചു.

മുസ്‌ലിം ലോകത്തി​െൻറ ഖിബ്‌ലയായ മക്കയും പ്രവാചക മസ്ജിദും സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയെയും അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ ആക്രമണം ഇസ്‌ലാമിക തത്വങ്ങൾക്ക് നിരക്കാത്തതാണെന്ന് പണ്ഡിതർ ചൂണ്ടിക്കാട്ടി. ശരീഅത്ത് വിധിപ്രകാരം ഈ ക്രൂരമായ നടപടി ‘ഇസ്‌ലാമിക ഉമ്മത്തിനോടുള്ള വഞ്ചന’ ആയാണ് കണക്കാക്കപ്പെടുന്നത്. സാഹോദര്യ ബന്ധങ്ങളുടെ ലംഘനവും അയൽരാജ്യങ്ങളോടുള്ള ചതിയുമാണിതെന്ന് അവർ പ്രസ്താവിച്ചു.

ആക്രമണത്തിന് ഇരയായ രാജ്യങ്ങൾക്ക് തങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും, അക്രമികളെ തുരത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പൂർണമായ അവകാശമുണ്ടെന്ന് മുഫ്തിമാർ വ്യക്തമാക്കി. മുസ്​ലിം വേൾഡ് ലീഗിന് അയച്ച സന്ദേശങ്ങളിലും ഫോൺ കോളുകളിലും അവർ തങ്ങളുടെ ഐക്യദാർഢ്യം അറിയിച്ചു.

ഇസ്‌ലാമിക ഐക്യത്തെക്കുറിച്ച് പുറമെ സംസാരിക്കുകയും എന്നാൽ അയൽരാജ്യങ്ങൾക്കെതിരെ യുദ്ധം നയിക്കുകയും ചെയ്യുന്ന ഇറാ​െൻറ ഇരട്ടത്താപ്പിനെ പണ്ഡിതർ വിമർശിച്ചു. ഇസ്‌ലാം എന്നത് കേവലം മുദ്രാവാക്യങ്ങളിൽ ഒതുങ്ങേണ്ടതല്ലെന്നും, അത് പ്രവൃത്തിയിൽ കാണിക്കേണ്ട മൂല്യമാണെന്നും അവർ ഓർമിപ്പിച്ചു. ഗൂഢലക്ഷ്യങ്ങളോടെയും തെറ്റായ കണക്കുകൂട്ടലുകളോടെയും നടത്തുന്ന ഇത്തരം നീക്കങ്ങൾ ഇസ്‌ലാമിക രാജ്യങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തെയും ഒ.ഐ.സി ചാർട്ടറിനെയും തകർക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

ക്രൂരമായ ഈ ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിച്ചില്ലെങ്കിൽ, വലിയ രീതിയിലുള്ള ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും ഇസ്‌ലാമിക ലോകത്ത് ഇറാൻ ഒറ്റപ്പെടുമെന്നും പണ്ഡിതർ മുന്നറിയിപ്പ് നൽകി. ശരിയും തെറ്റും തിരിച്ചറിയാത്ത ഇത്തരം ചിന്താഗതികൾ രാജ്യത്തെ വലിയ നാശത്തിലേക്കായിരിക്കും നയിക്കുക.

ലോകമെമ്പാടുമുള്ള പണ്ഡിതർ പ്രകടിപ്പിച്ച ഈ സാഹോദര്യ വികാരത്തെ മുസ്​ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുസ്ലിം പണ്ഡിതസഭ അധ്യക്ഷനുമായ ശൈഖ്​ ഡോ. മുഹമ്മദ് അൽ ഈസ അഭിനന്ദിച്ചു. മുസ്​ലിം ലോകത്തി​െൻറ ഐക്യത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പണ്ഡിതരുടെ ജാഗ്രതയെ അദ്ദേഹം പ്രശംസിച്ചു. മുൻപൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള ധിക്കാരപരമായ കടന്നുകയറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
TAGS:Iran attack Religious scholar Saudi News 
News Summary - Religious scholars condemn Iranian attacks against Gulf nation
Next Story