കിഴക്കൻ തീരദേശ പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥ സമ്പന്നമെന്ന് റിപ്പോർട്ട്
text_fieldsയാംബു: സൗദി അറേബ്യയുടെ കിഴക്കൻ തീരദേശ പരിസ്ഥിതിയുടെ ആവാസവ്യവസ്ഥ ആരോഗ്യകരമായി തുടരുന്നതായി പഠനറിപ്പോർട്ട്.
നാഷനൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് നടത്തിയ ആദ്യ സമഗ്ര പഠനത്തിന് ശേഷമുള്ള വിലയിരുത്തൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 ലും 2025 ലും നടത്തിയ വിലയിരുത്ത ലിൽ 400 ലധികം സ്ഥലങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ചതായി വ്യക്തമാക്കി. പവിഴപ്പുറ്റുകൾ, കടൽപ്പുല്ല്, പുൽമേടുകൾ, കണ്ടൽക്കാടുകൾ, ചെളിത്തട്ടുകൾ എന്നിവ യുൾപ്പെടെ നിരവധി നിർണായക സമുദ്ര, തീരദേശ പരിസ്ഥിതികൾ പഠനത്തിനായി അവലംഭിച്ചതായി വന്യജീവി കേന്ദ്രം പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ധരുമായി സഹകരിച്ച് വിശദമായ ശാസ്ത്രീയ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിന് ഫീൽഡ് നിരീക്ഷണങ്ങൾ, അണ്ടർവാട്ടർ ഇമേജിംഗ്, സാറ്റലൈറ്റ്, റിമോട്ട് സെൻസിംഗ് എന്നിവ ഉപയോഗിച്ചാണ് വിലയിരുത്തൽ നടത്തിയത്.
പവിഴപ്പുറ്റുകളുടെ ആരോഗ്യകരമായ ആവരണ നിരക്ക് 22 ശതമാനമാണെന്ന് ഫലങ്ങൾ കാണിച്ചു. കഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങളെ ചെറുക്കാൻ പവിഴ പ്പുറ്റുകൾ പ്രതിരോധശേഷി പ്രകടമാക്കിയെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.കണ്ടൽക്കാടുകൾ ഏകദേശം 1,573 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതായും ആരോഗ്യകരമായ സസ്യങ്ങൾ നിലനിൽക്കുന്നതായും ഗവേഷകർ കണ്ടെത്തി. 90 ഇനങ്ങളിൽ നിന്നുള്ള 80,000 ത്തിലധികം മത്സ്യങ്ങളെ നിരീക്ഷിച്ചു. ഡോൾഫിനുകൾ, ആമകൾ, സ്രാവുക എന്നിവയുൾ പ്പെടെ വലിയ സമുദ്രജീവികളുടെ സാന്നിധ്യവും ഫീൽഡ് റെക്കോർഡുകൾ സ്ഥിരീകരിച്ചു. ഇത് ഒരു പ്രധാന ആവാസ വ്യവസ്ഥ എന്ന നിലയിൽ അറേബ്യൻ ഗൾഫിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കി. 69 ഇനങ്ങളിൽ നിന്നുള്ള 176,836 പക്ഷികളെയും പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് എന്നിവയുടെ ലക്ഷ്യങ്ങളിൽ പെട്ട സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന് ചെയ്യുന്ന ബൃഹത്തായ പദ്ധതികൾ ഫലം കണ്ടതായി വിലയിരുത്തുന്നു. ശാസ്ത്രീയ ഗവേഷണവും അതിന്റെ വിലയിരുത്തലുകളും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് രാജ്യത്തിന്റെ പ്രതിബദ്ധതയെ ഈ വിലയിരുത്തൽ പ്രതിഫലിപ്പിക്കുന്നുവെന്ന് നാഷനൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് സി.ഇ.ഒ മുഹമ്മദ് ഖുർബാൻ പറഞ്ഞു.


