ഗൾഫ് മേഖലയിൽ അതീവ ജാഗ്രത: റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്ന് റിപ്പോർട്ട്
text_fieldsറിയാദ്: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത. ഇന്ന് (ശനിയാഴ്ച) ഉച്ചയോടെ സൗദി തലസ്ഥാനമായ റിയാദ് നഗത്തിെൻറ കിഴക്കുഭാഗമയ തുമാമയിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
ഒന്നിലധികം തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം സൗദി അറേബ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രായേലും അമേരിക്കയും ഇറാനിലെ പ്രധാന നഗരങ്ങളിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ തൊടുത്ത മിസൈലുകളാണ് മേഖലയിൽ പരിഭ്രാന്തി പരത്തിയത്. ഇറാെൻറ റവല്യൂഷണറി ഗാർഡ്സ് ഇതിനെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്നാണ് വിശേഷിപ്പിക്കുന്നത്.
യു.എ.ഇ (അബുദാബി, ദുബായ്), ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തറും കുവൈത്തും തങ്ങളുടെ ആകാശസീമയിൽ വെച്ച് മിസൈലുകൾ തകർത്തതായി അറിയിച്ചു. യു.എ.ഇയിൽ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ തങ്ങളുടെ ആകാശസീമകൾ താൽക്കാലികമായി അടച്ചു. റിയാദിൽ നിന്നുള്ള വിമാന സർവിസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. എന്നാൽ വ്യോമപാത അടയ്ക്കൽ പോലുള്ള നടപടികളിലേക്ക് നീങ്ങിയിട്ടില്ല.
സൗദിയുടെ നിലപാട്
സൗദി ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്.പി.എ (സൗദി പ്രസ് ഏജൻസി) ഇതുവരെ സ്ഫോടനങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. എങ്കിലും രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സൂചനയുണ്ട്. റിയാദിലെ അമീർ സുൽത്താൻ എയർ ബേസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
യാത്രക്കാർക്കുള്ള നിർദ്ദേശം
എയർ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവിസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്ക് വരാനിരിക്കുന്നവരും ഇവിടെയുള്ളവരും അതത് വിമാനക്കമ്പനികളുമായോ എംബസികളുമായോ ബന്ധപ്പെടാൻ നിർദേശങ്ങളുണ്ട്.


