പെരുന്നാൾ ദിനത്തിൽ മക്കയുടെ ആദരവ്; അയ്യായിരത്തോളം ശുചീകരണ തൊഴിലാളികൾക്ക് സ്നേഹാദരം
text_fieldsമക്കയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചപ്പോൾ
മക്ക: ഈദ് ദിനത്തിൽ മക്കയിലെ അയ്യായിരത്തോളം ശുചീകരണ തൊഴിലാളികളെ ആദരിച്ചുകൊണ്ട് നടന്ന ചടങ്ങ് ശ്രദ്ധേയമായി. മക്കയിലെ വിവിധ ഡിസ്ട്രിക്റ്റ് കേന്ദ്രങ്ങൾക്കായി പ്രവർത്തിക്കുന്ന അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അൽഉംറ ഡിസ്ട്രിക്ട് സെൻററും ‘ടുഗെദർ’ വളൻറിയർ ടീമും ചേർന്നാണ് ഈ മാതൃകാപരമായ പരിപാടി സംഘടിപ്പിച്ചത്. വെറുമൊരു ആദരിക്കൽ എന്നതിലുപരി, ഫീൽഡ് ജോലികളുടെ പദവി ഉയർത്തിക്കാട്ടുന്ന ആധികാരികമായ ‘മക്കി’ സംസ്കാരത്തിെൻറ ആവിഷ്കാരം കൂടിയായി ഈ സംഗമം മാറി.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി അൽഉംറ ഡിസ്ട്രിക്ട് കേന്ദ്രവും ‘ടുഗെദർ’ ടീമും ഈദ് ദിനത്തിൽ മുടങ്ങാതെ ഈ ആദരം സംഘടിപ്പിക്കുന്നുണ്ട്. മക്കയുടെ ശുചിത്വത്തിനും സൗന്ദര്യത്തിനുമായി സ്വയം സമർപ്പിക്കുന്ന ശുചീകരണ തൊഴിലാളികൾ സമൂഹത്തിന്റെ ഹൃദയങ്ങളിൽ ഉണ്ടെന്ന സന്ദേശമാണ് ഇതിലൂടെ ലോകത്തിന് നൽകുന്നത്. ഈ വർഷത്തെ പരിപാടിയിൽ സംരംഭത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. മക്കയിലെ വിവിധ ഡിസ്ട്രിക്ടുകളിൽ നിന്നുള്ള തൊഴിലാളികൾ ചടങ്ങിൽ പങ്കെടുത്തു.
ഓരോ പ്രവാസി തൊഴിലാളിക്കും അഭിനന്ദന സന്ദേശം വ്യക്തമായി മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ ഭാഷകളിലുള്ള വിനോദ പരിപാടികളും നന്ദി പ്രകടനങ്ങളും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ, പണം, ഭക്ഷണം എന്നിവ വിതരണം ചെയ്തു. അൽഉംറ ഡിസ്ട്രിക്റ്റ് നിവാസികളുടെ സഹകരണവും ഡിസ്ട്രിക്ട് കേന്ദ്രങ്ങളുടെ അസോസിയേഷന്റെ പിന്തുണയുമാണ് 15 വർഷമായി തടസ്സമില്ലാതെ ഈ സംരംഭം തുടരാൻ കാരണമെന്ന് ‘ടുഗെദർ’ വളൻറിയർ ടീം നേതാവ് ഖാലിദ് അൽമാലികി പറഞ്ഞു.


