മലയാളി ഹാജിമാരുടെ മടക്കയാത്ര ഇന്ന് രാത്രി മുതൽ; ആദ്യസംഘം നാളെ രാവിലെ കൊച്ചിയിലെത്തും
text_fieldsമലയാളി വളൻറിയർമാർ
മക്ക: കേരള ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ച തീർഥാടകരുടെ മടക്കയാത്ര വ്യാഴാഴ്ച രാത്രിയോടെ ആരംഭിക്കും. സൗദി സമയം വ്യാഴാഴ്ച രാത്രി 10.50-ന് മദീനയിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈനാസ് വിമാനത്തിലാണ് ‘ഷോർട്ട് ഹജ്ജ്’ വിഭാഗത്തിൽപ്പെട്ട മലയാളി ഹാജിമാരുടെ ആദ്യസംഘം നാട്ടിലേക്ക് തിരിക്കുന്നത്. ഈ വിമാനം ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ ഏഴോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.
ആദ്യ വിമാനത്തിൽ 397 തീർഥാടകരാണുള്ളത്. ഈ സംഘത്തിൽ ആദ്യം 430 പേരുണ്ടായിരുന്നെങ്കിലും ഇതിൽ 33 പേർ നേരത്തെതന്നെ സ്വന്തം നിലയിൽ നാട്ടിലേക്ക് തിരിച്ചിരുന്നു. ആദ്യ വിമാനത്തിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ മന്ത്രി എൻ. ഷംസുദ്ദീെൻറ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലുണ്ടാകും. ഫ്ലൈനാസ് എയർവേയ്സിെൻറ വലിയ വിമാനങ്ങളിലാണ് ഹാജിമാരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിലേക്കുള്ള തീർഥാടകർക്കായി ജൂൺ 11 മുതൽ 21 വരെ ആകെ 20 സർവീസുകളാണ് ഉള്ളത്. ഇനിയുള്ള ഓരോ വിമാനത്തിലും 430 തീർഥാടകർ വീതമുണ്ടാകും.
നാട്ടിലേക്ക് യാത്ര തിരിക്കുന്ന മലയാളി ഹാജിമാരുടെ ആദ്യ സംഘത്തിൽ ഉൾപ്പെട്ടവർ
അതേസമയം, റെഗുലർ വിഭാഗത്തിൽപ്പെട്ട തീർഥാടകരുടെ മടക്കയാത്ര ഈ മാസം 13-നാണ് ആരംഭിക്കുക. ജൂൺ 21 മുതൽ കണ്ണൂരിലേക്കും, 23 മുതൽ കോഴിക്കോട്ടേക്കുമുള്ള ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കും. ജൂൺ 30-ഓടെ മലയാളി ഹാജിമാരുടെ മടക്കയാത്ര പൂർത്തിയാകും. ഷോർട്ട് ഹജ്ജ് വിഭാഗത്തിലുള്ളവർ മൂന്ന് ദിവസത്തെയും, മറ്റുള്ളവർ എട്ട് ദിവസത്തെയും മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മദീന വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുന്നത്.
സുഗമമായ യാത്രയ്ക്കായി ലഗേജുകൾ വിമാനം പുറപ്പെടുന്നതിന് 35 മണിക്കൂർ മുൻപ് തന്നെ കാർഗോ-വിമാന കമ്പനികൾ സംയുക്തമായി ഹാജിമാരിൽ നിന്ന് ശേഖരിച്ച് പ്രത്യേക ട്രക്കുകളിൽ വിമാനത്താവളത്തിൽ എത്തിക്കും. തീർഥാടകരെ ഹജ്ജ് സർവീസ് കമ്പനിയുടെ ബസുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുക. തീർഥാടകർക്ക് നൽകാനുള്ള അഞ്ച് ലിറ്റർ വീതമുള്ള സംസം വെള്ളത്തിെൻറ കാനുകൾ നേരത്തെ തന്നെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയും എയർപോർട്ട് അതോറിറ്റിയും ചേർന്ന് വിപുലമായ സ്വീകരണ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹാജിമാരെ സ്വീകരിക്കാൻ എത്തുന്ന ബന്ധുക്കൾക്കായി പ്രത്യേക ഹെൽപ് ഡെസ്‌കുകളും പ്രവർത്തിക്കും. എബോള നിരീക്ഷണത്തിന്റെ ഭാഗമായി ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന എല്ലാ തീർഥാടകരും നിർബന്ധമായും സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ ഈ ഫോമുകൾ മദീനയിൽ വെച്ചുതന്നെ തീർഥാടകർക്ക് വിതരണം ചെയ്യുന്നുണ്ട്.


