മക്ക ഒ.ഐ.സി.സി നേതാക്കളുടെ പ്രാഥമികാംഗത്വം റദ്ദാക്കി; പുറത്താക്കൽ അസ്വാരസ്യങ്ങൾക്കൊടുവിൽ
text_fieldsകഴിഞ്ഞ ആഴ്ച ജിദ്ദയിലെത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധീഖ് എം.എൽ.എക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകിയപ്പോൾ. ഇടതും വലതും നിൽക്കുന്നത് യഥാക്രമം ഇപ്പോൾ പുറത്താക്കിയ നൗഷാദ് തൊടുപുഴയും ഷാനിയാസ് കുന്നിക്കോടും. (ഫയൽ ഫോട്ടോ)
മക്ക: മക്ക ഒ.ഐ.സി.സി കമ്മിറ്റിയിലെ നാലു നേതാക്കളുടെ പ്രാഥമിക അംഗത്വം റദ്ദാക്കി. നേതാക്കൾക്കിടയിൽ നേരത്തെ ഉണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് ഇപ്പോൾ പുറത്താക്കൽ വരെ കാര്യങ്ങൾ എത്തിച്ചത്. അസ്വാരസ്യം കുറച്ചുകാലമായി തുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞവർഷം നടന്ന ഒ.ഐ.സി.സി ഭാരവാഹി തിരഞ്ഞെടുപ്പിനു ശേഷം ശക്തമാവുകയുണ്ടായി.
വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ കീഴിലുള്ള ഏരിയ കമ്മിറ്റിയായ മക്കയെ സെൻട്രൽ കമ്മിറ്റിയായി പ്രത്യേകം നിലനിർത്തണമെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല. തങ്ങളോടൊപ്പം നിൽക്കുന്ന കുറച്ചാളുകൾ ഹജ്ജ് സേവനങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ സംഘടനാ അംഗത്വ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതുകൊണ്ട് പിന്നീട് വന്ന മക്ക ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പിൽ വോട്ടവകാശം നിഷേധിച്ചതും ഇവരെ ചൊടിപ്പിച്ചു. അതിനാൽ സംഘടനാ തെരഞ്ഞെടുപ്പിൽനിന്ന് ഈ വിഭാഗം നേതാക്കളും പ്രവർത്തകരും വിട്ടുനിൽക്കുകയും ഭാരവാഹിത്വത്തിൽനിന്നും ഇവർ മാറ്റിനിർത്തപ്പെടുകയും ചെയ്തു.
ഈ തീരുമാനത്തെ തുടർന്ന് ഇപ്പോൾ പുറത്താക്കപ്പെട്ട മക്കയിലെ നേതാക്കളുടെ നേതൃത്വത്തിൽ കുറച്ചു പ്രവർത്തകർ സമാന്തരമായി യോഗം ചേരുകയും മക്കയെ സെൻട്രൽ കമ്മിറ്റിയായി പ്രഖ്യാപിച്ച് ഭാരവാഹികളെ നിശ്ചയിക്കുകയും സ്വതന്ത്രമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തു.
കഴിഞ്ഞ മാസം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐ.ഒ.സി) സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാൻദാദിന്റെ അധ്യക്ഷതയിൽ ചേർന്ന നിർവാഹക സമിതി യോഗത്തിൽ മക്കയിൽ ഐ.ഒ.സിക്ക് കീഴിൽ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നതായും ഇപ്പോൾ അംഗത്വം റദ്ദാക്കിയ ഷാജി ചുനക്കരയെ പ്രസിഡന്റായും നൗഷാദ് തൊടുപുഴയെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിശ്ചയിച്ചതായും അറിയിച്ചു. ഐ.ഒ.സി മക്ക കമ്മറ്റിക്ക് കീഴിൽ പ്രത്യേകം വനിതാ വിങ്ങിനും രൂപം നൽകിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ജിദ്ദയിലെത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധീഖ് എം.എൽ.എക്ക് ഇപ്പോൾ അംഗത്വം റദ്ദാക്കിയ നേതാക്കൾ വിമാനത്താവളത്തിൽ സ്വീകരണം നൽകിയതുൾപ്പെടെ വിവിധ പരിപാടികൾ ഈ കമ്മിറ്റിക്ക് കീഴിൽ നടന്നുവരികയും ചെയ്തു. അതിനിടക്കാണ് ഈ കമ്മിറ്റിയുടെ തലപ്പത്തുള്ള നാലു പേർക്കെതിരെ അംഗത്വം റദ്ദാക്കുന്ന തീരുമാനം ഒ.ഐ.സി.സിയിൽ നിന്ന് വന്നിരിക്കുന്നത്.
എന്നാൽ, തങ്ങൾ ജനുവരി ആദ്യ വാരത്തിൽ തന്നെ ഒ.ഐ.സി.സിയുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ചുകൊണ്ട് നാഷണൽ പ്രസിഡന്റിന് കത്ത് കൈമാറിയിരുന്നതാണെന്നും അതുകൊണ്ട് അംഗത്വം റദ്ദാക്കിയ നടപടി പ്രഹസനം മാത്രമാണെന്നും പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് ഷാനിയാസ് കുന്നിക്കോട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒ.ഐ.സി.സി പ്രാഥമിക അംഗത്വം റദ്ദാക്കാനുള്ള അവകാശം നാഷണൽ കമ്മിറ്റി പ്രസിഡന്റിന് ഇല്ലെന്നും ഔദ്യോഗികമായി അത്തരം കത്ത് വരേണ്ടത് കെ.പി.സി.സിയുടെ ഔദ്യോഗിക ലെറ്റർ പാഡിലാണെന്നും അതുകൊണ്ട് തന്നെ നിലവിൽ ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റിന്റെ കത്ത് തള്ളിക്കളയുന്നതായും അദ്ദേഹം പ്രതികരിച്ചു.