മുനിസിപ്പൽ നിയമലംഘനങ്ങൾ അറിയിക്കുന്നവർക്ക് സമ്മാനം
text_fieldsസൗദി മന്ത്രിസഭ യോഗത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്നു
റിയാദ്: രാജ്യത്തെ മുനിസിപ്പൽ നിയമലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് സമ്മാനം നൽകാൻ സൗദി മന്ത്രിസഭയുടെ തീരുമാനം. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന യോഗമാണ് മുനിസിപ്പൽ മന്ത്രാലയത്തിന്റെ ശിപാർശ അംഗീകരിച്ചത്. സമ്മാനം പണമായി ലഭിക്കും. അതിനാവശ്യമായ വ്യവസ്ഥകൾ രൂപവത്കരിക്കാൻ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
ഫ്യൂച്ചർ ഇൻവെസ്റ്റ്മന്റെ് ഇനിഷ്യേറ്റീവ് സമ്മേളനത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ നിരവധി സഹോദര, സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായും സർക്കാർ തലവന്മാരുമായും നടത്തിയ കൂടിക്കാഴ്ചകളുടെ ഉള്ളടക്കം കിരീടാവകാശി യോഗത്തിൽ വിശദീകരിച്ചു. സമ്മേളനത്തിലെ ഉന്നതതല അന്താരാഷ്ട്ര സാന്നിധ്യം സൗദിയെയും അതിന്റെ നേട്ടങ്ങളെയും ദർശനത്തെയും ആഗോളതലത്തിൽ വിലമതിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നു. അത് സൗദിയെ ഒരു അന്താരാഷ്ട്ര സാമ്പത്തിക ലക്ഷ്യസ്ഥാനമാക്കി മാറ്റിയെന്നും യോഗം വിലയിരുത്തി. നിക്ഷേപത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രായോഗിക തന്ത്രങ്ങളാക്കി ദർശനങ്ങളെ മാറ്റുന്നതിന് ലോകമെമ്പാടുമുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രമുഖ ആഗോള കേന്ദ്രം കൂടിയാണിതെന്നും യോഗം അവലോകനം ചെയ്തു.
രാജ്യം എണ്ണയിതര മേഖലകളിൽ വളർച്ച തുടരുകയാണെന്ന് യോഗം വിലയിരുത്തി. നൂതന ഉൽപാദനം, സാങ്കേതികവിദ്യ, ടൂറിസം, സംരംഭകത്വം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ കൂടുതൽ വികസനം കൈവരിക്കുന്നു. പ്രതിരോധശേഷി, വിഭവങ്ങൾ, കഴിവുകൾ, ദേശീയ മുൻഗണനകൾ എന്നിവ തമ്മിലുള്ള യോജിപ്പിലൂടെ ആഗോള പരിവർത്തനങ്ങളുമായി പൊരുത്തപ്പെടാൻ രാജ്യ സമ്പദ്‌വ്യവസ്ഥക്ക് കഴിവുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
2031 മുതൽ മൂന്ന് വർഷത്തേക്ക് ഇൻറർനാഷനൽ ഓർഗനൈസേഷൻ ഓഫ് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പ്രസിഡൻറ് സ്ഥാനം സൗദി നേടിയത് ഈ മേഖലയിലെ ഒരു ആഗോള ഭാവി രൂപപ്പെടുത്തുന്നതിലുള്ള ഭരണകൂട പങ്കിന്റെ സ്ഥിരീകരണമാണെന്നും യോഗം വിലയിരുത്തി. 2025ലെ മൂന്ന് ലോക യാത്രാ അവാർഡുകൾ അൽഉല പൗരാണിക കേന്ദ്രത്തിന് ലഭിച്ചതിൽ മന്ത്രിസഭ സന്തുഷ്ടി പ്രകടിപ്പിച്ചു.
‘വിഷൻ 2030’ ആരംഭിച്ചതിനുശേഷം എണ്ണയിതര പ്രവർത്തനങ്ങളുടെ വളർച്ചയെ ശ്രദ്ധേയമായ തലങ്ങളിലേക്ക് നയിക്കുന്നതിൽ സ്വകാര്യ മേഖലയുടെ സംഭാവനയെ മന്ത്രിസഭ പ്രശംസിച്ചു. ഇത് ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാനും അഭിവൃദ്ധി പ്രാപിക്കാനും പ്രാപ്തമാക്കിയ സാമ്പത്തിക നയങ്ങളുടെയും പരിഷ്കാരങ്ങളുടെയും ഫലപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.


