രിസാല സ്റ്റഡി സർക്കിൾ ‘നോട്ടെക് 3.0’ എക്സ്പോ നവം.14ന് ജിദ്ദയിൽ
text_fieldsരിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ
സംസാരിക്കുന്നു
ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നോട്ടെക്, നോളജ് ആൻഡ് ടെക്നോളജി എക്സ്പോ’യുടെ മൂന്നാമത് എഡിഷൻ നവംബർ 14ന് വെള്ളിയാഴ്ച ജിദ്ദ അൽ മവാരിദ് ഇന്റർനാഷനൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശാസ്ത്ര, സാങ്കേതിക വിദ്യയ്ക്ക് ഊന്നൽ നൽകുന്ന അവതരണങ്ങൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയിലൂടെ സമൂഹത്തിൽ വിജ്ഞാന വിപ്ലവം സൃഷ്ടിക്കുക എന്ന വിശാലമായ ലക്ഷ്യവും 'നോട്ടെക്കി'നുണ്ട്.
യുവ ഗവേഷകർക്ക് പുതിയ കണ്ടുപിടുത്തങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാൻ നോട്ടെക് അവസരം നൽകും. വിദ്യാർത്ഥികൾക്ക് സയൻസ് മേളയിൽ വർക്കിംഗ് മോഡലുകൾ തയ്യാറാക്കി അവതരിപ്പിക്കാനും, ബിസിനസ് സംരംഭകർക്ക് പുതിയ പ്രോജക്റ്റുകൾ പരിചയപ്പെടുത്താനും ലോഞ്ച് ചെയ്യാനും നോട്ടെക്കിൽ പ്രത്യേക അവസരങ്ങൾ ഒരുക്കും. കാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അവരുടെ സ്ഥാപനത്തിന്റെ പേര് കൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.
എക്സ്പോയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വിവിധ ഇനങ്ങളിൽ പ്രത്യേകം മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. എക്സിബിഷൻ കാണാനെത്തുന്നവർക്ക് വേണ്ടി ക്വിസ് മത്സരവും ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://knowtechexpo.com സന്ദർശിക്കുകയോ +966 534103919 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. മൻസൂർ ചുണ്ടമ്പറ്റ (ഗ്ലോബൽ സെക്രട്ടറി), ഫസീൻ കോഴിക്കോട് (ഗ്ലോബൽ സെക്രട്ടറി), റിയാസ് മടത്തറ (സൗദി വെസ്റ്റ് നാഷനൽ സെക്രട്ടറി), റഷീദ് പന്തല്ലൂർ, സുജീർ പുത്തൻപള്ളി, ഖലീലുറഹ്മാൻ കൊളപ്പുറം (നോട്ടെക് ജിദ്ദ ഡ്രൈവ് ടീം) എന്നിവർ ജിദ്ദയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


