റിയാദ് തീപിടിത്ത മരണം രണ്ട് മലപ്പുറം സ്വദേശികളുടേത് ഉൾപ്പെടെ ആറ് പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നു
text_fieldsഅപകടത്തിൽ മരിച്ചവർ: അബ്ദുൽ ഹക്കീം, ഇർഫാൻ ഹബീബ്, കാർത്തിക്, സേതുരാമൻ, യോഗേഷ് കുമാർ മിസ്ട്രി, അസ്ഹർ അലി മുഹമ്മദ് ശൈഖ്
റിയാദ്: റിയാദിൽ താമസസ്ഥലത്ത് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആറ് പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായി. ഈ മാസം അഞ്ചിന് വെള്ളിയാഴ്ച പുലർച്ചെയാണ് റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്ത് തീപിടിത്തമുണ്ടായത്. പമ്പിൽ പുതുതായി ജോലിക്കെത്തിയ ആറ് പേരുടെ ജീവൻ കവർന്ന അപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ, തമിഴ്നാട് സ്വദേശികളായ രണ്ട് പേർ, ഗുജറാത്ത്, മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേർ എന്നിങ്ങനെയാണ് മരിച്ചത്.
ഇവരിൽ മലപ്പുറം സ്വദേശി തറക്കൽ അബ്ദുൽ ഹക്കീമിന്റെ (31) മൃതദേഹം ശനിയാഴ്ച രാത്രി റിയാദിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലയച്ചു. മലപ്പുറം മേൽമുറി സ്വദേശി കാവുങ്ങാത്തൊടി ഇർഫാൻ ഹബീബിന്റെ (27) മൃതദേഹം ഞായറാഴ്ച രാത്രിയിലുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലയക്കും. തമിഴ്നാട് സ്വദേശികളായ സീതാരാമൻ മധുരൈ (35), കാർത്തിക് കാഞ്ചിപുരം (40), മഹാരാഷ്ട്ര സ്വദേശി അസ്ഹർ ബോംബേ (26), ഗുജറാത്ത് സ്വദേശി യോഗേഷ് കുമാർ രാമചന്ദ്ര (38) എന്നിവരുടെ മൃതദേഹങ്ങളും ഞായറാഴ്ച ജന്മദേശത്തെത്തും.
അപകടം സംഭവിച്ച മണിക്കൂറുകൾക്കകം തന്നെ റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു. രണ്ട് മലപ്പുറം സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട രേഖകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയത് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയാണ്. ആറ് പേരും പ്രവാസം ആരംഭിച്ചു മാസങ്ങൾക്കുള്ളിലാണ് അപകടത്തിൽപെട്ടത്. ഷോർട്ട് സർക്യൂട്ട് രൂപത്തിലെത്തിയാണ് ഇവരുടെ സ്വപ്നങ്ങൾ അഗ്നി വിഴുങ്ങിയത്. പുതിയ ജീവിതം പടുക്കാൻ മറുകര തേടി റിയാദിലെത്തിയ ആറ് പേരും വന്നതും മടങ്ങുന്നതും ഒരുമിച്ചാണ്.