റിയാദ് മെട്രോ; ബത്ഹയിലെ പ്രധാന യാത്രാകേന്ദ്രമായി നാഷനൽ മ്യൂസിയം സ്റ്റേഷൻ
text_fieldsബത്ഹയിലെ നാഷനൽ മ്യൂസിയം സ്റ്റേഷൻ
റിയാദ്: വിസ്മയകാഴ്ചയാണ് ബത്ഹയിലെ നാഷനൽ മ്യൂസിയം സ്റ്റേഷൻ. റിയാദ് മെട്രോയിലെ നാല് പ്രധാന സ്റ്റേഷനുകളിലൊന്നാണിത്. നഗരകേന്ദ്രമായ ബത്ഹയിലേക്കും വിവിധ പ്രദേശങ്ങളിലേക്കുമുള്ള യാത്രാവഴിയിലെ പ്രധാന കേന്ദ്രമാണ് ഈ സ്റ്റേഷൻ. ബ്ലൂ, ഗ്രീൻ ലൈനുകളിലെ ട്രയിനുകൾ മാത്രമല്ല ബസുകളും ഇവിടെനിന്ന് ഓപറേറ്റ് ചെയ്യുന്നുണ്ട്. നഗരത്തിന്റെ ഏത് ഭാഗത്തേക്ക് പോകാനും അവിടങ്ങളിൽനിന്ന് ബത്ഹയിലേക്ക് വരാനും ഈ സ്റ്റേഷൻ സൗകര്യപ്രദമാണ്. അതിമനോഹരമായ വാസ്തു ശൈലിയിലാണ് സ്റ്റേഷന്റെ നിർമാണം. ബാഹ്യവും ആന്തരികവുമായ ഡിസൈൻ വളരെ ആകർഷകമാണ്.
കടുത്ത നീലയും മണൽ നിറവും കലർന്ന കളർ തീമും ജ്യോമിതീയ രൂപത്തിലുള്ള ഘടനയും വേറിട്ടതാക്കുന്നു. ഒരു പുറം പാളിയും അതിനുള്ളിൽ കെട്ടിടവും എന്ന നിലയിലാണ് നിർമാണം. സൗദിയിലെ പർവത പ്രദേശത്തിന്റെ രൂപഘടനയെ അനുസ്മരിപ്പിക്കുന്നതാണ് കോൺക്രീറ്റ് പാനലുകൾ ഉപയോഗിച്ച് നിർമിച്ച ബാഹ്യ പാളി. മണൽനിറത്തിലുള്ള ആ ബാഹ്യാവരണത്തിനും ഉള്ളിലെ കടും നീലനിറത്തിലുള്ള കെട്ടിടത്തിനും ഇടയിൽ ആകാശം കാണുംവിധം തുറസ്സാണ്. ഇതിനോട് ചേർന്നുള്ള ബസ് ടെർമിനലാകട്ടെ അറബികളുടെ പൈതൃക ജീവിതരീതിയുടെ ഭാഗമായ ബദൂവിയൻ കൂടാരത്തിന്റെ രൂപത്തിലുള്ളതാണ്. ഇതെല്ലാം കൂടി ചേർന്ന് സമ്മാനിക്കുന്നത് മനോഹരമായ കാഴ്ചയാണ്. സൗദി അറേബ്യയുടെ അഭിമാന സ്ഥാപനങ്ങളിലൊന്നായ റിയാദ് നാഷനൽ മ്യൂസിയത്തിന് അടുത്തായത് കൊണ്ടാണ് നാഷനൽ മ്യൂസിയം സ്റ്റേഷൻ എന്ന് തന്നെ പേരുനൽകിയത്. റിയാദ് നഗരത്തിലെ ആദ്യ ലാൻഡ് മാർക്കായ ബത്ഹ വാട്ടർ ടാങ്കും ആദ്യകാലത്തേയുള്ള അൽവത്വൻ പാർക്കും തൊട്ടടുത്താണ്. മൂന്നാം സൗദി സ്റ്റേറ്റിന്റെ ഭരണസിരാകേന്ദ്രമായിരുന്ന മുറബ്ബ പാലസും റെഡ് പാലസും ഉൾപ്പടെ ചരിത്രപ്രധാനമായ കേന്ദ്രങ്ങളും സമീപത്താണ്.
ഭൂമിക്കടിയിൽ 72000 ചതുശ്ര മീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഇത് റിയാദ് മെട്രോയിലെ ഏറ്റവും വലിയ അണ്ടർ ഗ്രൗണ്ട് സ്റ്റേഷനുകളിലൊന്നാണ്. നഗരത്തിന്റെ വടക്കുഭാഗത്തെയും തെക്കുഭാഗത്തേയും ബന്ധിപ്പിക്കുന്ന 39 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈനിലെ 26ാമത്തേയും വിവിധ മന്ത്രാലയങ്ങൾക്കരുകിലൂടെ കടന്നുപോകുന്ന 13 കിലോമീറ്ററുള്ള ഗ്രീൻലൈനിലെ അവസാനത്തെ അതായത് 22ാമത്തെയും സ്റ്റോപ്പാണ് നാഷനൽ മ്യൂസിയം സ്റ്റേഷൻ. റിയാദ് പൊതുഗതാഗത പദ്ധതിയിലെ പ്രധാനപ്പെട്ട ബസ് സ്റ്റേഷനും ഇതോട് ചേർന്നാണ്. ബസ് ടെർമിനൽ ഒപ്പമുള്ള റിയാദ് മെട്രോയിലെ ഏക സ്റ്റേഷൻ എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. നഗരത്തിലെ എല്ലാ റൂട്ടുകളിലേക്കും ഈ ടെർമിനലിൽനിന്ന് ബസ് ലഭിക്കും. എന്നാൽ ബസ് ടെർമിനലിന്റെ പണി പൂർത്തിയായിട്ടില്ല.
വരും ദിവസങ്ങളിൽ തന്നെ അത് പ്രവർത്തനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഷന്റെ പുറം ഭാഗങ്ങളിൽ നിരവധി ബസ് സ്റ്റോപ്പുകളും പാസഞ്ചേഴ്സ് വെയിറ്റിങ് സന്റെറുകളും ഒരുക്കിയിട്ടുണ്ട്. റിയാദ് മെട്രോയിലെ ഏത് ട്രെയിനിലും ബസിലും കയറിയാലും ബത്ഹയിലെത്താനും അതുപോലെ ഇവിടെ നിന്ന് പുറത്തുപോകാനുമുള്ള പ്രധാന കവാടമായി നഗരജീവിതത്തോട് ഏറ്റവും ചേർന്നുനിൽക്കും ഇനി മുതൽ ഈ സ്റ്റേഷൻ.