റിയാദ് മെട്രോ; ഇനി ഏത് ട്രെയിനിൽ കയറിയാലും ബത്ഹയിലെത്താം
text_fieldsബത്ഹയിലെ നാഷനൽ മ്യൂസിയം സ്റ്റേഷൻ, അൽ ബത്ഹ സ്റ്റേഷൻ
റിയാദ്: രണ്ട് സ്റ്റേഷനുകൾ കൂടി തുറന്നതോടെ റിയാദ് മെട്രോയിലെ ഏത് ട്രെയിനിൽ കയറിയാലും നഗരകേന്ദ്രമായ ബത്ഹയിലെത്താനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ബത്ഹയിലെ അൽ ബത്ഹ, നാഷനൽ മ്യൂസിയം സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചത്. നഗരത്തിന്റെ തെക്കുവടക്ക് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ബത്ഹയിലൂടെ കടന്നുപോകുന്ന 38 കി.മീറ്ററുള്ള ബ്ലൂ ലൈനിലാണ് ഈ രണ്ട് സ്റ്റേഷനുകൾ. വടക്കുകിഴക്ക് ഭാഗത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുള്ള 13 കി.മീ ദൈർഘ്യമുള്ള ഗ്രീൻ ലൈൻ വന്നുചേരുന്നതും നാഷനൽ മ്യൂസിയം സ്റ്റേഷനിലാണ്. ഇതോടെ നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ബത്ഹയിലെത്താൻ മെട്രോ വഴികൾ ഒരുങ്ങിക്കഴിഞ്ഞു.
പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും നീളം കൂടിയ ഓറഞ്ച് ലൈനും കടന്നുപോകുന്നത് ബത്ഹയിൽ കൂടിയാണ്. എന്നാൽ ഇതിലെ ദീരയിലുള്ള ഖസർ അൽ ഹുകും സ്റ്റേഷൻ തുറക്കാത്തതിനാൽ തൽക്കാലം ആ വഴിയില്ലെന്നൊരു കുറവുണ്ട്. എന്നാൽ പോലും ആറ് മെട്രോ ലൈനുകളും ഏതെങ്കിലുമൊരു സ്ഥലത്തുവെച്ച് പരസ്പരം കൂട്ടിമുട്ടുന്നതിനാൽ റൂട്ടുകൾ കൃത്യമായി അറിഞ്ഞുവെച്ചാൽ ആറിലേതൊരു ട്രെയിനിൽ കയറിയാലും ബത്ഹയിലെത്താൻ കഴിയും. നിശ്ചിത സ്റ്റേഷനുകളിൽവെച്ച് ട്രെയിനുകൾ മാറിക്കയറണമെന്ന് മാത്രം. അതാവട്ടെ അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. മിനിറ്റുകളുടെ ഇടവേളകളിൽ ട്രെയിനുകളുള്ളതിനാൽ നിമിഷ വേഗം കൊണ്ട് ഈ മാറിക്കയറ്റം സാധ്യമാകും. ആറ് ലൈനുകളിലും കൂടി 190 ട്രെയിനുകളാണ് പ്രതിദിനം സർവിസ് നടത്തുന്നത്. ട്രെയിനില്ലാത്ത പ്രദേശങ്ങളിലുള്ളവർക്ക് നഗരത്തിന്റെ മുക്കുമൂലകളിൽനിന്ന് മെട്രോ സ്റ്റേഷനുകളിലേക്കോടുന്ന ആയിരത്തോളം ബസുകളാണ് പരിഹാരം. ട്രെയിനുകൾ പോലെ തന്നെ ഏഴ് മിനിറ്റ് ഇടവേളകളിൽ എല്ലാ റൂട്ടുകളിലും ബസ് സർവിസുണ്ട്.
ബത്ഹ നാഷനൽ മ്യൂസിയം സ്റ്റേഷനിൽ ഒരു വലിയ ബസ് ടെർമിനലുമുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഇവിടെനിന്ന് പുറപ്പെടും. എന്നാൽ പണി തീരാത്തതിനാൽ നിലവിൽ ഈ ടെർമിനൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. വൈകാതെ തുറക്കും. അതോടെ ബത്ഹയിലെ പ്രധാന ഗതാഗതകേന്ദ്രമായി നാഷനൽ മ്യൂസിയം സ്റ്റേഷൻ മാറും. ഇവിടെനിന്ന് നഗരത്തിലെ ഏത് ഭാഗത്തേക്കും പോകാം. ഏത് ഭാഗത്തുനിന്നും ഇവിടേക്ക് വരുകയും ചെയ്യാം.
എന്താവശ്യത്തിനും റിയാദ് നഗരത്തിന് പുറത്തുനിന്നുപോലും ആളുകൾ വന്നുനിറഞ്ഞിരുന്ന ബത്ഹയുടെ പ്രതാപകാലം മടങ്ങിവരും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. നൂറ് കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന റിയാദ് എന്ന വലിയ നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും വെറും നാല് റിയാലിന്, ഗതാഗതക്കുരുക്കുകളൊന്നും ഭയക്കാതെ ബത്ഹയിലെത്താവുന്ന സമ്മോഹനമായ സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്.
ബത്ഹയിൽനിന്ന് ബ്ലൂ ട്രെയിനിൽ കയറി ‘കാഫ്ഡ്’ സ്റ്റേഷനിലെത്തി യെല്ലോ ട്രെയിനിലേക്ക് മാറിക്കയറി റിയാദ് കിങ് ഖാലിദ് എയർപോർട്ടിലുമെത്താം. ഓറഞ്ച് ലൈനിലെ ബാക്കിയുള്ള 15 സ്റ്റേഷനുകൾ കൂടി തുറന്നാൽ നഗര പൊതുഗതാഗത സംവിധാനം കണ്ണിമുറിയാത്തവിധം ഭദ്രമാവും. ഏതാനും ദിവസങ്ങൾക്കകം പ്രവർത്തനസജ്ജമാവുമെന്നും അന്തിമഘട്ട മിനുക്ക് പണിയിലാണെന്നുമാണ് വിവരം.
ബ്ലൂ ട്രെയിൻ
ലൈനുകൾ പരസ്പര ബന്ധിതം
ബ്ലൂ, റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ, പർപ്പിൾ എന്നിങ്ങനെ ആറ് ലൈനുകൾ നേരിട്ടോ അല്ലാതെയോ പരസ്പരം കൂടിച്ചേരുന്നുണ്ട്. ബ്ലൂ ലൈൻ ദീരയിലെ ഖസർ അൽ ഹുകൂം സ്റ്റേഷനിൽ ഓറഞ്ച് ലൈനും ബത്ഹ നാഷനൽ മ്യൂസിയം സ്റ്റേഷനിൽ ഗ്രീൻ ലൈനും എസ്.ടി.സി സ്റ്റേഷനിൽ റെഡ് ലൈനും കാഫ്ഡ് സ്റ്റേഷനിൽ പർപ്പിൾ, യെല്ലോ ലൈനുകളുമായി സന്ധിക്കുന്നു. മറ്റെല്ലാ ലൈനുകളുമായും നേരിട്ട് ബന്ധമുള്ളത് ബ്ലൂ ലൈനിനു മാത്രമാണ്. നേരിട്ട് ബന്ധമില്ലാത്ത ലൈനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണക്ടറായും ബ്ലൂ ലൈൻ പ്രവർത്തിക്കുന്നു. നസീം സ്റ്റേഷനിൽ വെച്ച് പർപ്പിളുമായി ഓറഞ്ച് ചേരുന്നു. പർപ്പിൾ അൽ ഹംറ സ്റ്റേഷനിൽ റെഡുമായും സാബിക് ഉത്മാൻ ബിൻ അഫാൻ, അൽ റാബി സ്റ്റേഷുകളിൽ യെല്ലോയുമായും കാഫ്ഡ് സ്റ്റേഷനിൽ ബ്ലൂ ലൈനുമായി സന്ധിക്കുന്നു. റെഡ് വിദ്യാഭ്യാസ മന്ത്രാലയ സ്റ്റേഷനിൽ വെച്ച് ഗ്രീനുമായി സന്ധിക്കുന്നു. അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു ട്രെയിനിൽ കയറിയാൽ മറ്റ് അഞ്ച് ട്രെയിനുകളിലും മാറിക്കയറാൻ സൗകര്യമുണ്ട്. തനിക്ക് പോകേണ്ട റൂട്ടുകളും ട്രെയിനുകളും ഏതെല്ലാമെന്ന് അറിഞ്ഞിരിക്കണമെന്ന് മാത്രം.
വഴി ‘ദർബ്’ ആപ് വഴി
ട്രെയിനും ബസും സ്റ്റേഷനുകളും സ്റ്റോപ്പിങ് പോയന്റുകളും ടിക്കറ്റും സമയവും ഉൾപ്പെടെ റിയാദ് പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനുള്ള എല്ലാ വഴികളും മൊബൈൽ ആപ് പറഞ്ഞുതരും.
ലക്ഷ്യസ്ഥാനത്തേക്കുള്ള റൂട്ടും ട്രെയിൻ, ബസ് വിവരങ്ങളും റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ‘ദർബ്’ എന്ന ആപ്പിലൂടെയാണ് ലഭിക്കുക. മൊബൈൽ ഫോണിൽ darb എന്ന ആപ് ഇൻസ്റ്റാൾ ചെയ്തിട്ട് അതിൽ തങ്ങൾക്ക് പോകേണ്ട ലക്ഷ്യസ്ഥാനം ടൈപ്പ് ചെയ്താൽ കൃത്യമായ റൂട്ട് തെളിയും. ഏറ്റവും അടുത്തുള്ള ബസ് അല്ലെങ്കിൽ മെട്രോ സ്റ്റേഷനും ട്രെയിനുകളും ബസുകളും സംബന്ധിച്ച കൃത്യമായ വിവരങ്ങളും യാത്രാസമയവുമടക്കം എല്ലാം ആപ്പിൽനിന്ന് കിട്ടും. ട്രെയിൻ സ്റ്റേഷനും ബസ് സ്റ്റോപ്പിനും സമീപത്തല്ല ലക്ഷ്യസ്ഥാനമെങ്കിൽ അതുവരെ നടന്നെത്താൻ എടുക്കുന്ന സമയവും ആപ് പറഞ്ഞുതരും.
ഓറഞ്ച് ട്രെയിൻ