ദമ്മാമിൽ സഫ-റാസ്തനൂറ കടൽപാലം തുറന്നു
text_fieldsദമ്മാം: അരാകോ പ്രവർത്തന മേഖലയായ റാസ്തനൂറ സിറ്റിയുമായി ദമ്മാമിനെ ബന്ധിപ്പിക്കുന്ന കടൽപ്പാലം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ ദമ്മാം ഗവർണർ നായിഫ് ബിൻ അബ്ദുൽ അസീസ് ആണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. 3.2 കിലോമീറ്റർ നീളമുള്ള ഈ പാലം കരയിലും കടലിലുമായാണ് നിർമിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ ഇരട്ട കാരിയേജ് വേ കടൽപാലമാണിത്. പാലം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് പുറമേ, റാസ് തനൂറ, ദമ്മാം, ഖത്വീഫ് എന്നിവയ്ക്കിടയിലുള്ള ദൂരം കുറയ്ക്കുന്നതിനും സഹായകമായിട്ടുണ്ട്.
2020-ൽ നിർമാണ പ്രവർത്തനമാരംഭിച്ച പാലത്തിെൻറ പ്രധാന പണികളെല്ലാം കഴിഞ്ഞ ജൂണിൽ പൂർത്തിയിരുന്നു. ഈ കടൽപ്പാലത്തിന് 702 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ഇരട്ട കാരിയേജ്‌വേ ഉണ്ട് എന്നതാണ് പ്രധാന പ്രത്യേകത. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 14 മീറ്റർ ഉയരത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിന് 320 ലിറ്റർ നീളവും 16.5 മീറ്റർ വീതിയുമുള്ള ഡ്യൂവൽ കാരിയേജ് വേയിൽ 11 സ്പാനുകളാണുള്ളത്. ഇതോടനുബന്ധിച്ചുള്ള ലിങ്ക് റോഡിന് 14 കിലോമീറ്റർ നീളമുണ്ട്.
നഗരങ്ങളും ഗവർണറേറ്റുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിെൻറ വിവിധ പ്രദേശങ്ങൾക്കിടയിൽ വ്യക്തികളുടെയും സാധനങ്ങളുടെയും നീക്കം സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കിഴക്കൻ പ്രവിശ്യ ഗവർണറേറ്റ് ഈ പാലത്തിെൻറ രൂപകൽപന ആരംഭിച്ചത്. ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമെന്ന നിലയിൽ സൗദിക്ക് കൂടുതൽ സധ്യതകൾ കൂടി ഈ പാലം പൂർത്തിയാകുന്നതോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റാസ്തനൂറ എക്കോ പാർക്ക്, ഇവിടുത്തെ മനോഹരമായ കടൽത്തീരം എന്നിവിടങ്ങളിലേക്ക് ദമ്മാമിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾക്ക് എളുപ്പം എത്തുന്നതിനും ഈ പാലം ഉപകരിക്കും. ദമ്മാമിൽനിന്ന് റാസ്തനൂറയിലേക്ക് ഏകദേശം 10 കിലോമീറ്റർ ദൈർഘ്യം കുറക്കാൻ ഈ പാലം സഹായകമായിട്ടുണ്ട്. റോഡിലെ സുരക്ഷാനിലവാരം ഉയർത്തുന്നതിനും സുഗമമായ ഗതാഗത പ്രവാഹം ഉറപ്പാക്കുന്നതിന് റോഡ് ശൃംഖലക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതക്ക് അനുസൃതമായി സൈൻബോർഡുകൾ, പെയിൻറുകൾ, ഗ്രൗണ്ട് മാർക്കിങ്ങുകൾ, മുന്നറിയിപ്പ് വൈബ്രേഷനുകൾ, കോൺക്രീറ്റ് തടസ്സങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഗുണനിലവാരത്തിെൻറയും സുരക്ഷയുടെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ പൂർത്തീകരിച്ചതായി അതോറിറ്റി പറഞ്ഞു.
2030ഓടെ ആഗോള റോഡ് ഗുണനിലവാര സൂചികയിൽ ആറാം സ്ഥാനത്ത് എത്തുക എന്ന റോഡ് മേഖല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിരവധി സുപ്രധാന പദ്ധതികളും സംരംഭങ്ങളും നടപ്പാക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. റോഡ് മരണങ്ങൾ ഒരു ലക്ഷം പേരിൽ അഞ്ച് കേസുകളിൽ താഴെയായി കുറയ്ക്കുക, ഇൻറർനാഷനൽ റോഡ് അസസ്‌മെൻറ് പ്രോഗ്രാമിെൻറ വർഗീകരണം അനുസരിച്ച് റോഡ് ശൃംഖലയെ ഗതാഗത സുരക്ഷാഘടകങ്ങൾ കൊണ്ട് സംരക്ഷിക്കുക, റോഡ് ശൃംഖലയിൽ ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നിലനിർത്തുക എന്നിവയും അതോറിറ്റിയുടെ പദ്ധതിയിലുണ്ട്.


