‘സുരക്ഷിത മരുന്നുകൾ, സുരക്ഷിത ഹജ്ജ്’; തീർഥാടകരുടെ ആരോഗ്യ സുരക്ഷക്കായി സൗദിയും ഒ.ഐ.സിയും കൈകോർക്കുന്നു
text_fieldsജിദ്ദ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് പുണ്യഭൂമിയിലേക്ക് എത്തുന്ന ദശലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും (ഒ.ഐ.സി) സംയുക്തമായി ആഗോള കാമ്പയിന് തുടക്കം കുറിച്ചു. ‘സുരക്ഷിത മരുന്നുകൾ, സുരക്ഷിത ഹജ്ജ് യാത്ര’ എന്ന പേരിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും (എസ്.എഫ്.ഡി.എ) ഒ.ഐ.സിയും കൈകോർക്കുന്ന ഈ തന്ത്രപരമായ പദ്ധതിയിൽ 57 ഒ.ഐ.സി അംഗരാജ്യങ്ങളാണ് പങ്കാളികളാകുന്നത്.
ഹജ്ജ് സീസണിെൻറ തുടക്കത്തോടനുബന്ധിച്ച് ആവിഷ്കരിച്ചിരിക്കുന്ന ഈ വിപുലമായ സംരംഭം, തീർഥാടകരുടെ ആരോഗ്യ സംരക്ഷണത്തിലും മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗത്തിലും അന്താരാഷ്ട്ര തലത്തിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതാണ്. തീർഥാടകർക്ക് സുരക്ഷിതമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനൊപ്പം അവബോധം വളർത്തേണ്ടതിെൻറ പ്രാധാന്യത്തെയും എസ്.എഫ്.ഡി.എ സി.ഇ.ഒ ഡോ. ഹിഷാം എസ്. അൽജദൈ ഊന്നിപ്പറഞ്ഞു. ഒ.ഐ.സിയുമായുള്ള ഈ സഹകരണം പ്രാദേശികവും ആഗോളവുമായ തലത്തിൽ സുസ്ഥിരമായ സ്വാധീനം ചെലുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും തങ്ങളുടെ മുൻഗണനാ പട്ടികയിൽ ഒന്നാമതാണെന്നും 57 അംഗരാജ്യങ്ങളുടെ ഐക്യം ഈ ദൗത്യത്തിന് വലിയ കരുത്തുപകരുമെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ ഹിസൈൻ ബ്രാഹിം താഹ വ്യക്തമാക്കി. വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി വ്യത്യസ്ത ഭാഷകളിൽ ലഭ്യമാകുന്ന ഈ സംയുക്ത സംരംഭം പ്രധാനമായും മൂന്ന് അടിസ്ഥാന ഘടകങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങളും പാരിസ്ഥിതിക ആഘാതങ്ങളും മൂലം മരുന്നുകളുടെ ഗുണനിലവാരം നഷ്ടപ്പെടാതിരിക്കാൻ അവ എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് തീർത്ഥാടകർക്ക് കൃത്യമായ മാർഗനിർദേശം നൽകുകയാണ് ഇതിൽ ആദ്യത്തേത്. യാത്രയിൽ തീർഥാടകർ കൈവശം കരുതേണ്ട മരുന്നുകളെയും മെഡിക്കൽ കിറ്റുകളെയും സംബന്ധിച്ച ആധികാരികമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. മൂന്നാമതായി, തീർഥാടകർ കൊണ്ടുവരുന്ന മരുന്നുകളുമായി ബന്ധപ്പെട്ട നിയന്ത്രണ നടപടികൾ ലഘൂകരിക്കുന്നതിനായി ‘ഇലക്ട്രോണിക് സിസ്റ്റം ഫോർ ഡ്രഗ് കൺട്രോൾ’ എന്ന പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി മരുന്നുകളുടെ കസ്റ്റംസ് ക്ലിയറൻസ് സുതാര്യവും വേഗത്തിലുമാക്കാൻ സാധിക്കും. പ്രശസ്തമായ റിയാദ് പ്രഖ്യാപനത്തിെൻറ ഭാഗമായുള്ള ഈ സഹകരണം ഭാവിയിലെ ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾക്കും അന്താരാഷ്ട്ര തലത്തിലുള്ള ഏകോപനങ്ങൾക്കും വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


