സൗദി സഹായ പദ്ധതികൾ ആറ് രാജ്യങ്ങളിൽ കൂടുതൽ ഊർജിതമാക്കുന്നു
text_fieldsവിവിധ രാജ്യങ്ങളിൽ കെ.എസ് റിലീഫ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തപ്പോൾ
യാംബു: സൗദിയുടെ ആഗോള സഹായ ഏജൻസിയായ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) ആഭിമുഖ്യത്തിൽ വിവിധ രാജ്യങ്ങളിൽ സഹായ പദ്ധതികൾ ഊർജിതമാക്കുന്നു. ലോകത്തിലെ ഏറ്റവും ദുർബലരായ ആളുകളുള്ള ഫലസ്തീൻ, സിറിയ, ലബനാൻ, അഫ്ഗാനിസ്താൻ, സുഡാൻ, പാകിസ്താൻ രാജ്യങ്ങളിലാണ് കെ.എസ് റിലീഫ് പദ്ധതികൾ ഇപ്പോൾ കൂടുതൽ സജീവമാക്കുന്നത്.
സിറിയയുടെ തലസ്ഥാന നഗരമായ ഡമാസ്കസിൽ ഒരാഴ്ച നീണ്ട ‘ഓർത്തോപീഡിക് മെഡിക്കൽ പ്രോജക്ട്’ ആണ് ഇപ്പോൾ നടപ്പാക്കിയത്. കെ.എസ് റിലീഫ് മെഡിക്കൽ സംഘം 136 രോഗികളെ പരിശോധിക്കുകയും 71 സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തുകയും 62 പ്രത്യേക ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തതായി സൗദി പ്രസ് ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. 932 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ റിഫ് ദിമാഷ് ഗവർണറേറ്റിൽ കെ.എസ്.റിലീഫ് 932 ഷെൽട്ടർ ബാഗുകളും വിതരണം ചെയ്തു. ലബനാൻ, സിറിയ, ഫലസ്തീൻ അഭയാർഥികൾക്ക് 722 ഭക്ഷണ പെട്ടികളും 722 ഈത്തപ്പഴപ്പെട്ടികളും വിതരണം ചെയ്തു. ഇത് 3,610 പേർക്ക് പ്രയോജനം ലഭിച്ചു.
അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ കെ.എസ്.റിലീഫ് 362 ദുരിതാശ്വാസ പാക്കേജുകൾ നടപ്പിലാക്കി. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ 2,172 പേർക്ക് പ്രത്യേക സഹായവും നൽകി. പാകിസ്ഥാനിലെ സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളിലായി 3,630 സഹായ കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ 25,524 ആളുകൾക്ക് വേണ്ട സഹായവും നൽകിയാതായി ബന്ധപ്പെട്ടവർ അറിയിച്ചു. സുഡാനിൽ സെന്നാർ സംസ്ഥാനത്തെ സിൻജയിലെ കുടിയിറക്കപ്പെട്ട 11,586 പേർക്ക് പ്രയോജനം ലഭിച്ച 1,340 ഭക്ഷണ കൊട്ടകളുടെ വിതരണം പൂർത്തിയാക്കി.
2015 ൽ സ്ഥാപിതമായതിനുശേഷം കെ.എസ്.റിലീഫ് 109 രാജ്യങ്ങളിലായി 8.2 ബില്യൺ ഡോളറിലധികം ചെലവിൽ 3,814 പദ്ധതികൾ ഇതിനകം നടപ്പിലാക്കിയിട്ടു ണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ജലം, ശുചിത്വം, പാർപ്പിടം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പ്രത്യേകം ശ്രദ്ധ നൽകിയത്. ദുർബല സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും യു.എൻ സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനകളുമായും കെ.എസ് റിലീഫ് സഹകരിച്ച് പ്രവർത്തിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.


