സിറിയൻ ഭൂകമ്പ ബാധിത മേഖലകളിലെ അനാഥർക്ക് സൗദിയുടെ തുണ
text_fieldsസിറിയയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ അനാഥരെ പരിചരിക്കുന്നത് സംബന്ധിച്ച കരാറിൽ എൻജി. അഹമ്മദ് അൽ ബൈസ് ഒപ്പുവെക്കുന്നു
ജിദ്ദ: വടക്കുപടിഞ്ഞാറൻ സിറിയയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലുള്ള അനാഥരെ സംരക്ഷിക്കാനും സാമ്പത്തിക ശാക്തീകരണത്തിനും സൗദി പിന്തുണ. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) സിറിയയിലെ പ്രമുഖ സന്നദ്ധ സംഘടനയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു. വിഡിയോ കോൺഫറൻസായി നടന്ന ചടങ്ങിൽ കെ.എസ് റിലീഫിന്റെ പ്രോഗ്രാമുകളുടെ അസിസ്റ്റന്റ് സൂപ്പർവൈസർ ജനറൽ എൻജി. അഹമ്മദ് അൽ ബൈസ് ആണ് ഒപ്പിട്ടത്.
അലപ്പോ മേഖലയിലെ ജൻഡൈരിസ് പട്ടണത്തിലുള്ള 1000 അനാഥരായ കുട്ടികളുടെ പരിചരണത്തിനായി പ്രതിമാസം നിശ്ചിത തുക നൽകുന്ന സ്പോൺസർഷിപ്പുകളാണ് സൗദി ഏറ്റെടുത്തിട്ടുള്ളത്. അനാഥർ നേരിടുന്ന ദൈനംദിന വെല്ലുവിളികളിൽ അവർക്ക് ഈ സ്പോൺസർഷിപ് ആശ്രയമാകും. അവരുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ഇതു സഹായിക്കും. കൂടാതെ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട ഇൻ-കിൻഡ് ഗ്രാൻഡുകളും സാങ്കേതിക തൊഴിൽ പരിശീലനവും നൽകുന്നതിലൂടെ 400 അനാഥരുടെ അമ്മമാരെ സാമ്പത്തികമായി ശാക്തീകരിക്കുകയും ചെയ്യുക എന്നതും പദ്ധതി വഴി ലക്ഷ്യമാക്കുന്നു.
സിറിയയിലെ അനാഥരെ പരിചരിക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സൗദി അറേബ്യ മാനുഷികവും ദുരിതാശ്വാസവുമായ പല പദ്ധതികളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്.