ആരോഗ്യ സൂചികയിൽ മികവ് സൗദികളുടെ ശരാശരി ആയുർദൈർഘ്യം 78.8
text_fieldsറിയാദ്: സൗദികളുടെ ശരാശരി ആയുർദൈർഘ്യം 2016ൽ 74 ആയിരുന്നത് കഴിഞ്ഞ വർഷം 78.8 ആയി ഉയർന്നെന്ന് ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ ദിനത്തിലാണ് മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.
‘വിഷൻ 2030’ ആരോഗ്യമേഖല പരിവർത്തന പരിപാടിയുടെ ലക്ഷ്യങ്ങൾക്കുള്ളിൽ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വർധിച്ചതും ആരോഗ്യപരമായ അപകടസാധ്യതകളുടെ പ്രതിരോധം വർധിപ്പിച്ചതും ഇതിന് കാരണമായെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
ആരോഗ്യകരമായ പെരുമാറ്റ രീതി വളർത്തിയെടുക്കുന്നതിനും നടത്തം പോലുള്ള വ്യായാമങ്ങളുടെ സംസ്കാരം പ്രചരിപ്പിക്കുന്നതിനും ആരോഗ്യകരമായ ദൈനംദിന പരിശീലനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബോധവത്കരണ കാമ്പയിനുകളും നിരവധി സംരംഭങ്ങളും നടപ്പാക്കിയതിന്റെ ഗുണഫലമാണിത്. പൊതുജനാരോഗ്യ സൂചകങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ ഇത് കാരണമായി. 2030-ഓടെ ആയുർദൈർഘ്യം 80 വർഷമായി ഉയർത്തുകയാണ് ലക്ഷ്യം. അതിനുവേണ്ടിയുള്ള പദ്ധതികളും കാമ്പയിനുകളും ശക്തിപ്പെടുത്തി മുന്നോട്ടുപോവുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ച് ആരോഗ്യ, പോഷകാഹാര പരിഷ്കാരങ്ങൾ മന്ത്രാലയം നടപ്പാക്കി. ഹൈഡ്രജനേറ്റഡ് ഓയിലുകളുടെ ഉപയോഗം നിർത്തുക, ഭക്ഷണത്തിലെ ഉപ്പിന്റെ അംശം കുറക്കുക, ഭക്ഷ്യോൽപന്നങ്ങളിലും റസ്റ്റാറന്റുകളിലും കലോറി വെളിപ്പെടുത്തൽ എന്നിവ ഇതിലുൾപ്പെടുന്നു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിട്ടുമാറാത്ത രോഗങ്ങൾ കുറക്കുന്നതിനും ഇവ സഹായിച്ചുവെന്നും മന്ത്രാലയം പറഞ്ഞു. ഉയർന്ന ഗുണമേന്മയുള്ള പ്രതിരോധ, ചികിത്സാ ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും ആരോഗ്യ അവബോധവും വിദ്യാഭ്യാസ പരിപാടികളും വിപുലീകരിക്കുന്നതിനും ട്യൂമറുകളടക്കമുള്ള മാരകരോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സ്ക്രീനിങ് പരിപാടികൾ തീവ്രമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ മന്ത്രാലയം തുടരുകയാണ്.
ഇത് ആയുർദൈർഘ്യം വർധിപ്പിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ ആവർത്തി കുറക്കുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നു. ആരോഗ്യകരവും കൂടുതൽ സമൃദ്ധവും കൂടുതൽ സുസ്ഥിരവുമായ ഭാവിയിലേക്ക് നയിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു.