സ്പോർട്സ് ടൂറിസം കുതിപ്പിൽ; നാല് വർഷത്തിനിടെ സൗദിയിലെത്തിയത് 25 ലക്ഷം കായിക വിനോദ സഞ്ചാരികൾ
text_fieldsജിദ്ദയിൽ നടന്ന ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് (ഫയൽ ചിത്രം)
അൽ ഖോബാർ: കഴിഞ്ഞ നാല് വർഷത്തിനിടെ 25 ലക്ഷം സ്പോർട്സ് ടൂറിസ്റ്റുകൾ സൗദി അറേബ്യയിലെത്തിയതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ്. രാജ്യത്ത് നടക്കുന്ന വിവിധ സ്പോർട്സ് പരിപാടികൾ വീക്ഷിക്കാനാണ് കായികപ്രേമികളായ ഇത്രയധികം വിനോദ സഞ്ചാരികൾ വന്നതെന്ന് മന്ത്രി ‘ലിങ്കഡ് ഇൻ’ അക്കൗണ്ടിലെ തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
ആഗോള കായിക വിനോദസഞ്ചാര വ്യവസായം സാക്ഷ്യം വഹിക്കുന്ന വളർച്ചയുടെ ഭാഗമാണിത്. ലോകമെമ്പാടുമുള്ള സ്പോർട്സ് ആരാധകരെയും കായികതാരങ്ങളെയും ആകർഷിക്കുന്ന വിധത്തിൽ കായിക വിനോദസഞ്ചാരത്തിലെ ഒരു പ്രധാന മേഖലയായി സൗദി അറേബ്യ അതിവേഗം മാറിക്കഴിഞ്ഞു.
ജിദ്ദയിൽ നടന്ന ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് പോലുള്ള ഇവന്റുകൾ 160 രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെയാണ് ആകർഷിച്ചത്. ഈ പരിപാടി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് 900 ദശലക്ഷം റിയാൽ സംഭാവന ചെയ്യുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി. പ്രവഫഷനൽ റസലിങ് ചാമ്പ്യൻഷിപ്പായ ഡബ്ല്യു. ഡബ്ല്യു .ഇ സൂപ്പർ ഷോഡൗൺ, സൗദി പ്രോ ഗോൾഫ് ചാമ്പ്യൻഷിപ്, ബാറ്റിൽ ഓഫ് ദി ചാമ്പ്യൻസ്, ഫോർമുല ഇ കാർ റേസിങ്, ഇന്റർനാഷനൽ ഹാൻഡ്ബാൾ ഫെഡറേഷൻ സൂപർ ഗ്ലോബ്, സൗദി ഇന്റർനാഷനൽ മീറ്റിങ് ഫോർ ഡിസെബിലിറ്റീസ് സ്പോർട് എന്നിവയുൾപ്പെടെ നിരവധി പ്രധാന കായിക മത്സരങ്ങൾക്കാണ് രാജ്യം ഇതിനകം ആതിഥേയത്വം വഹിച്ചത്.
2034ൽ 48 ടീമുകൾ പങ്കെടുക്കുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമെന്ന പദവി സൗദി അറേബ്യക്ക് സ്വന്തം. ദീർഘവീക്ഷണത്തിന്റെ ഭാഗമായി ആഗോള കായിക പ്രേമികളെ ഉൾക്കൊള്ളാനും കായികം, വിനോദം, സാമൂഹിക ഇടപഴകൽ എന്നിവയുടെ ദീർഘകാല ഹബുകളായി പ്രവർത്തിക്കാനുമായി രൂപകൽപന ചെയ്ത 15 സ്റ്റേഡിയങ്ങൾ രാജ്യത്ത് നിർമാണത്തിലാണ്.
‘വിഷൻ 2030’ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ രാജ്യം സ്പോർട്സ് ടൂറിസത്തെ ഉപയോഗപ്പെടുത്തുന്നു. സമ്പദ്വ്യവസ്ഥ എണ്ണയെ ആശ്രയിക്കുന്നത് കുറക്കുകയും ടൂറിസം മേഖല വികസിപ്പിക്കുകയും ചെയ്യുന്നു. 2030ഓടെ ഒരു വർഷമെത്തുന്ന സന്ദർശകരുടെ എണ്ണം 15 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം.
സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ്
സൗദി അറേബ്യയുടെ പരിവർത്തനത്തിനുള്ള പ്രധാന സ്തംഭങ്ങളിലൊന്നാണ് സ്പോർട്സ് ടൂറിസം. കേവലം സ്പോർട്സ് ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കുക എന്നതിലുപരി സാംസ്കാരികവും സാമ്പത്തികവുമായ സ്വാധീനം സൃഷ്ടിക്കാൻ കഴിയുന്ന പരിപാടികളൊരുക്കുകയാണ് ചെയ്യുന്നതെന്ന് അൽ ഖത്തീബ് ഊന്നിപ്പറഞ്ഞു.
ടൂറിസം മന്ത്രാലയവും കായിക മന്ത്രാലയവും തമ്മിലുള്ള സഹകരണം കായികരംഗത്ത് രാജ്യത്തിന് വലിയ മുന്നേറ്റമാണ് സാധ്യമാക്കുന്നത്. ദേശീയ അഭിമാനത്തിനും സാംസ്കാരിക വിനിമയത്തിനുമുള്ള വേദികളായി കായിക ഇവന്റുകൾ മാറുകയാണ്. ‘സൗദി ഗ്രീൻ ഇനിഷ്യേറ്റീവി’ന് കീഴിൽ 2030 ഓടെ ഈ ഇവന്റുകൾക്കെല്ലാം ആവശ്യമായിവരുന്ന വൈദ്യുതിയിൽ പകുതിയും പുനരുപയോഗിക്കാവുന്ന ഊർജത്തിൽനിന്ന് ഉൽപാദിപ്പിക്കുന്നതാവുമെന്നും 2060 ഓടെ അത് പൂർണമാവുമെന്നും കാർബൺ പുറന്തള്ളൽ രഹിത ഊർജോൽപാദനത്തിൽ രാജ്യം പര്യാപ്തത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവജനങ്ങൾക്കും ഗ്രാസ്റൂട്ട് സ്പോർട്സിനും രാജ്യം വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. 18 പ്രാദേശിക പരിശീലന കേന്ദ്രങ്ങളുടെ പിന്തുണയോടെ 20,000 ത്തിലധികം യുവ കായികതാരങ്ങൾ സ്കൂൾസ് ലീഗിൽ പങ്കെടുക്കുന്നു. കൂടാതെ 300 ദശലക്ഷം ഡോളർ വാർഷിക നിക്ഷേപം ഫുട്ബാൾ ക്ലബ്ബുകളുടെ വികസനത്തിന് ഇന്ധനം നൽകുകയും ദീർഘകാല കായിക മികവ് ഉറപ്പാക്കുകയും ചെയ്യുന്നു. വൈവിധ്യവും മത്സരാധിഷ്ഠിതവുമായ കായികാന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ ഇവ പ്രതിഫലിപ്പിക്കുന്നു. ടൂറിസം രംഗത്ത് 2015 മുതൽ സ്ത്രീകളുടെ പങ്കാളിത്തം 149 ശതമാനം വർധിച്ചു.
2030ഓടെ പ്രതിവർഷം 15 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 250 സ്ഥലങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ കായിക വിനോദസഞ്ചാരത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയിലുള്ള സൗദിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.