ജോർഡനിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തെ സൗദി അപലപിച്ചു
text_fieldsറിയാദ്: ജോർഡനിലെ തെക്കൻ കരക് ഗവർണറേറ്റിലെ ഒരു കൃസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. നിരപരാധികളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തെ ‘ഭീരുത്വം നിറഞ്ഞ ഭീകരപ്രവർത്തന’മാണെന്ന് സൗദി വിശേഷിപ്പിച്ചു. സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ജോർഡൻ സർക്കാരിനോടും ജനങ്ങളോടും സൗദി പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ജോർഡന്റെ സുരക്ഷയെയും സ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം ഭീകരപ്രവർത്തനങ്ങളെയും ശക്തമായി തള്ളിക്കളയുകയും ചെയ്യുന്നതായി പ്രസ്താവനയിൽ പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്കും ജോർഡൻ സർക്കാരിനും ജനങ്ങൾക്കും സൗദി അറേബ്യ അഗാതമായ അനുശോചനവും സഹതാപവും അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും തുടരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
കരക് ഗവർണറേറ്റിലെ ഹമൂദ് ഗ്രാമത്തിലുള്ള സെന്റ് ജോർജ്ജ് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജോർഡൻ പൊതുസുരക്ഷ ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. ഈ ആക്രമണത്തെ ലബനൻ, സിറിയ, ഇറാഖ്, ഫലസ്തീൻ, ഈജിപ്ത്, യു.എ.ഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളും അറബ് ലീഗ്, അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ എന്നീ സംഘടനകളും വ്യാപകമായി അപലപിച്ചിട്ടുണ്ട്.


