ഗസ്സയിലെ ദുരിതബാധിത കുടുംബങ്ങൾക്ക് സഹായം തുടർന്ന് സൗദി
text_fieldsകെ.എസ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം ഭക്ഷണകിറ്റുകൾ വിതരണം ചെയ്തപ്പോൾ
യാംബു: ഗസ്സയിൽ ദുരിതത്തിലായ ഫലസ്തീൻ കുടുംബങ്ങൾക്ക് ഭക്ഷ്യസഹായം തുടർന്ന് സൗദി അറേബ്യ. രാജ്യത്തിന്റെ ആഗോള സഹായ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) നിർവഹണ പങ്കാളിയായ സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ സഹകരണത്തോടെയാണ് ആയിരക്കണക്കിന് ഭക്ഷണ കിറ്റുകൾ കഴിഞ്ഞ ദിവസം ഫലസ്തീനിൽ വിതരണം ചെയ്തത്. മധ്യ ഗസ്സയിലെ അൽ സവൈദ പ്രദേശത്തെ കുടിയിറക്കപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് തുടരുകയാണ്. പൊതു ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഫലസ്തീൻ കുടുംബങ്ങൾക്ക് തുടർച്ചയായ സഹായമാണ് സൗദി അറേബ്യ നൽകിവരുന്നത്. സ്ത്രീകൾ കൂടുതലുള്ള കുടുംബങ്ങൾക്കും അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള വലിയ കുടുംബങ്ങൾക്കും മുൻഗണന നൽകിയാണ് ഇത്തവണ ആയിരക്കണക്കിന് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തതെന്ന് കെ.എസ് റിലീഫ് വക്താവ് പറഞ്ഞു.
ജനങ്ങൾ നേരിടുന്ന ഗുരുതരമായ സാഹചര്യങ്ങൾക്കിടയിൽ ഗസ്സയിലെ താമസക്കാർക്ക് ഭക്ഷ്യസുരക്ഷയൊരുക്കുന്ന സൗദിയുടെ പദ്ധതി ഏറെ ആശ്വാസം നൽകുന്നു. ഇസ്രായേൽ നടത്തിയ യുദ്ധവും ഉപരോധവും മൂലമുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം വലിയ ക്ഷാമ പ്രതിസന്ധി ഉണ്ടാക്കിയതായി യു.എൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സൗദിയുടെ ദുരിതാശ്വാസ വിമാനങ്ങൾ, സംഭാവന കാമ്പയിനുകൾ, സൗദി നൽകുന്ന അടിയന്തര മെഡിക്കൽ സഹായം, കാൻസർ രോഗികളുടെ സംരക്ഷണം, ഭക്ഷ്യ സഹായം എന്നിവയുൾപ്പെടെ ഫലസ്തീൻ ജനതക്ക് നൽകുന്ന തുടർച്ചയായ പിന്തുണ ഇതിനകം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.


