സൗദി ചരിത്ര ഏടുകൾ ഡിജിറ്റലാക്കുന്ന സംരംഭങ്ങൾക്ക് തുടക്കം
text_fieldsചരിത്ര ഏടുകളുടെ ഡിജിറ്റലൈസ് നടപടികളിൽനിന്ന്
റിയാദ്: സൗദി അറേബ്യയുടെ ചരിത്രരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന സംരംഭങ്ങൾക്ക് തുടക്കം. ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് ത്വരിതഗതിയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച് ആൻഡ് ആർക്കൈവ്സ് (ദറാഹ്) ഇതിനുള്ള നടപടികൾ ആരംഭിച്ചത്. സൗദി ചരിത്ര പൈതൃക സംരക്ഷണത്തിന്റെ അധികാരകേന്ദ്രമാണ് ‘ദറാഹ്’. ചരിത്രപരമായ അറിവുകളിലേക്ക് വഴിയൊരുക്കുന്ന ഈ പദ്ധതി ഗവേഷണ സംബന്ധമായ വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ മാസമാണ് ദറാഹ് വിശാലമായ ഈ വികസന പദ്ധതിയുടെ ആരംഭം കുറിച്ചത്.
ചരിത്ര ഉള്ളടക്കങ്ങളിലേക്കുള്ള വിപുലമായ സാധ്യതകൾ രാജ്യത്തിന്റെ സ്വത്വം രൂപപ്പെടുത്തുന്നതിലും ഈ മേഖലയിലെ ഗവേഷകരെ സഹായിക്കുന്നതിലും നിർണായകമാണ്. നൂതന മാർഗങ്ങളിലൂടെ രേഖകൾ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സംവിധാനങ്ങളിലാണ് ദറാഹ് ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ നയരൂപവത്കരണത്തിൽ ഏറെ പ്രാധാന്യം നൽകപ്പെടുന്ന ഒന്നാണ് ചരിത്ര സംരക്ഷണം എന്നത് ദറാഹ് നേതൃത്വം നൽകുന്ന ഈ പദ്ധതിയുടെ പ്രാധാന്യം വിളിച്ചോതുന്നു.
ചരിത്ര ഏടുകളുടെ ഡിജിറ്റലൈസ് നടപടികളിൽനിന്ന്
പ്രധാനപ്പെട്ട ചരിത്രരേഖകൾ തെരഞ്ഞെടുത്ത് ഡിജിറ്റൈസ് ചെയ്യാനും നാനാവിഭാഗത്തിലുള്ള ആളുകൾക്ക് വേഗത്തിലും കാര്യക്ഷമമായും വിവരങ്ങൾ ലഭ്യമാക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പരമ്പരാഗത പേപ്പർ ഫോർമാറ്റുകളിൽനിന്ന് രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നത് വഴി രാജ്യചരിത്രത്തിന്റെ സാന്നിധ്യം വിജ്ഞാനമേഖലയിൽ ഒരു കുതിച്ചുചാട്ടമായി എങ്ങും പ്രതിഫലിക്കും.
കൃത്യതയും വേഗത്തിലുള്ള രേഖകളുടെ ലഭ്യത ഉറപ്പാക്കാൻ ഉയർന്ന റെസല്യൂഷനിലുള്ള സ്കാനറുകളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ശാസ്ത്രീയവും സാങ്കേതികവുമായ പ്രവർത്തനരീതികളുമാണ് പരിവർത്തന പ്രക്രിയയിൽ ഉപയോഗപ്പെടുത്തുക. സുരക്ഷിതമായി ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കപ്പെടുന്നതിനാൽ ഗവേഷകർക്ക് അക്കാദമിക്, വിജ്ഞാനാധിഷ്ഠിത പ്രോജക്റ്റുകൾക്കായി വിശ്വസനീയമായ ഉറവിടമായി വളരെ വേഗത്തിൽ ഇതിനെ ഉപയോഗപ്പെടുത്താം.
കേവല ചരിത്ര ഏടുകളുടെ സംരക്ഷണത്തിനും ഉപയോഗത്തിനും അപ്പുറം രാജ്യത്തിന്റെ സാംസ്കാരിക ശാസ്ത്രീയ മേഖലകളെ കൂടി സമ്പന്നമാക്കുന്ന പ്രക്രിയയാണിത്. ചരിത്രം, വിദ്യാഭ്യാസം, രാഷ്ട്രീയം, സമൂഹം, കലകൾ എന്നീ മേഖലകളിലൊക്കെ ഇതിലൂടെയുള്ള മാറ്റം പ്രകടമാകും. ദേശീയ ചരിത്ര ഉള്ളടക്കങ്ങളെ എല്ലാവരിലേക്കും എത്തിക്കുന്ന ആധികാരിതയും നവീന സാങ്കേതികതയും ഒരേസമയം സംയോജിപ്പിക്കപ്പെടുന്ന ബൃഹത്തായ പദ്ധതിയാണിത്.