കായിക കേന്ദ്രങ്ങളിലും ജിമ്മുകളിലും 15 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിൽ
text_fieldsറിയാദ്: സ്വകാര്യ മേഖലയിലെ കായിക കേന്ദ്രങ്ങളിലും ജിമ്മുകളിലും 15 ശതമാനം സ്വദേശിവൽകരണം നടപ്പിലാക്കാനുള്ള തീരുമാനം 2026 നവംബർ 18 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. കായിക മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് (HRSD) ഇത് നടപ്പിലാക്കുന്നത്. സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന സാവകാശ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ നിയമം കർശനമാക്കിയത്. ലക്ഷ്യമിടുന്ന തസ്തികകളിൽ നാലോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
പുരുഷന്മാരുടെയും സ്ത്രീകളുടെയും കായിക കേന്ദ്രങ്ങളിലെയും ജിമ്മുകളിലെയും 12 തസ്തികകളാണ് സ്വദേശിവൽകരണത്തിന്റെ പരിധിയിൽ വരുന്നത്. സ്‌പോർട്‌സ് കോച്ച്, ഫിറ്റ്‌നസ് ട്രെയിനർ, പ്രൊഫഷണൽ ഫുട്‌ബാൾ കോച്ച്, പ്രൊഫഷണൽ റാക്കറ്റ് സ്‌പോർട്‌സ് കോച്ച്, പ്രൊഫഷണൽ വാട്ടർ സ്‌പോർട്‌സ് കോച്ച്, പേഴ്‌സണൽ ട്രെയിനർ (പ്രത്യേക കായിക പരിശീലകൻ), പ്രൊഫഷണൽ അത്‌ലറ്റിക്‌സ് കോച്ച്, സ്‌പോർട്‌സ് സൂപ്പർവൈസർ, പ്രൊഫഷണൽ ഐസ് സ്‌പോർട്‌സ് കോച്ച്, പ്രൊഫഷണൽ കുതിരസവാരി കോച്ച്, പ്രൊഫഷണൽ ആയോധനകല കോച്ച്, പ്രൊഫഷണൽ ബോൾ സ്‌പോർട്‌സ് കോച്ച് എന്നിവയാണവ.
സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ നൽകാനും, പ്രത്യേക കായിക മേഖലകളിൽ ദേശീയ പ്രതിഭകളുടെ പങ്കാളിത്തം വർധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. തീരുമാനം നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനായി മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികളും പിഴകളും സ്വീകരിക്കും.
സ്വദേശിവൽക്കരണ നിരക്ക് കണക്കാക്കുന്ന രീതിയെക്കുറിച്ചും തസ്തികകളെക്കുറിച്ചും വ്യക്തമായി അറിയുന്നതിന് സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാർഗ്ഗരേഖ പരിശോധിക്കേണ്ടതാണ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ 19911 എന്ന ഏകീകൃത നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.



