സൗദിയിൽ സിനിമാ വ്യവസായം വൻ കുതിപ്പിൽ; മൂന്നു മാസത്തെ വരുമാനം 127 ദശലക്ഷം റിയാൽ
text_fieldsസൗദിയിലെ സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ (ഫയൽ ചിത്രം)
റിയാദ് : സൗദിയിൽ സിനിമാവ്യവസായം വൻ കുതിപ്പിൽ മുന്നേറുന്നതായി റിപ്പോർട്ട്. മൂന്നു മാസത്തിനുള്ളിൽ രാജ്യത്തെ സിനിമാ വരുമാനം 127 ദശലക്ഷം റിയാലിലെത്തി. 2024 നെ അപേക്ഷിച്ച് രാജ്യത്തെ സിനിമാരംഗത്തെ വരുമാനം മെച്ചപ്പെടുന്നതായാണ് വിലയിരുത്തുന്നത്.
സൗദി കിഴക്കൻ പ്രവിശ്യയിൽ സിനിമ ആവശ്യകതയിൽ ഗണ്യമായ വർധനയുണ്ടായി. ഈ പ്രദേശം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണെന്നും അതിനാൽ മാളുകൾ, മാർക്കറ്റുകൾ തുടങ്ങിയ പ്രധാന വാണിജ്യ പദ്ധതികളിൽ സിനിമാശാലകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഖോബാർ, ദമ്മാം തുടങ്ങിയ നഗരങ്ങളിൽ സിനിമാശാലകൾ കൂടുതൽ സ്ഥാപിച്ചുകൊണ്ട് സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് നടപടികൾ എടുക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും ജി.സി.സി രാജ്യങ്ങളിൽനിന്നും വരുന്ന സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. സിനിമാ പ്രദർശനത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയ മേഖലകളിലൊന്നായി കിഴക്കൻ പ്രവിശ്യ ഇതുകൊണ്ട് തന്നെ മാറിയിട്ടുണ്ട്. സൗദിയിലെത്തുന്ന സന്ദർശകരുടെ സിനിമാറ്റിക് അനുഭവം മെച്ചപ്പെടുത്തുന്നതിനായി സംസ്കാരം, കല, വിനോദം, ടൂറിസം തുടങ്ങിയ നിരവധി മേഖലകൾ തമ്മിലുള്ള ഏകോപനം ഫലപ്രദമായിട്ടുണ്ട്.
രാജ്യത്തെ സിനിമാശാലകളിൽ പ്രേക്ഷകരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഓരോ വർഷം പിന്നിടുമ്പോഴും വിറ്റുവരവ് വൻതോതിൽ അഭിവൃദ്ധിപ്പെടുകയാണ്. സിനിമാവ്യവസായം സംബന്ധിച്ച വാർഷിക റിപ്പോർട്ടുകൾ അവലോകനം ചെയ്ത് സൗദി ഫിലിം കമീഷനും ഇക്കാര്യം നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്.
'2025 ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ സിനിമാ ശാലകളിൽനിന്നുള്ള വരുമാനം നാല് ശതമാനം വർധിച്ചു'
റിയാദ്: മൂന്ന് മാസത്തിനുള്ളിൽ സൗദിയിലെ സിനിമ വരുമാനം 127 ദശലക്ഷം റിയാൽ. കിഴക്കൻ മേഖലയിലെ സിനിമ അസോസിയേഷൻ ഡയറക്ടർ ഹാനി അൽ മുല്ല പറഞ്ഞു. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ സിനിമാശാലകളിൽനിന്നുള്ള വരുമാനം നാല് ശതമാനം വർധിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തെ സിനിമാശാലകൾ പൊതുജനങ്ങളിൽനിന്ന് വർധിച്ചുവരുന്ന ഡിമാൻഡിന് സാക്ഷ്യം വഹിക്കുന്നു. സംസ്കാരം, കല, വിനോദം, വിനോദസഞ്ചാരം തുടങ്ങി നിരവധി മേഖലകൾ തമ്മിലുള്ള ഫലപ്രദമായ ഏകോപനമാണ് ഇതിന് കാരണം. സിനിമാറ്റിക് അനുഭവം വർധിപ്പിക്കുന്നതിന് ഇവ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും അൽമുല്ല പറഞ്ഞു.
കിഴക്കൻ മേഖല പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കണക്കാക്കപ്പെടുന്നുവെന്നും അതിനാൽ വാണിജ്യ സമുച്ചയങ്ങളും മാർക്കറ്റുകളും പോലുള്ള പ്രധാന വാണിജ്യ പദ്ധതികളിൽ സിനിമ തിയേറ്ററുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കിഴക്കൻ മേഖലയിലെ സിനിമാശാലകളുമായി ബന്ധപ്പെട്ട് അൽ മുല്ല പറഞ്ഞു. അൽഖോബാർ, ദമ്മാം തുടങ്ങിയ നഗരങ്ങളിൽ കൂടുതൽ സിനിമാശാലകൾ സ്ഥാപിച്ച് അനുഭവം മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ പ്രവർത്തിക്കുന്നുണ്ട്. സിനിമാശാലകളുടെ ആവശ്യകതയിൽ പ്രകടമായ വർധനവുണ്ടായ പ്രദേശങ്ങളിലൊന്നായി കിഴക്കൻ പ്രവിശ്യ ഉയർന്നിരിക്കുന്നു.
കിഴക്കൻ മേഖല സിനിമ അസോസിയേഷൻ ഡയറക്ടർ ഹാനി അൽ മുല്ല സംസാരിക്കുന്നു
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ജി.സി.സി രാജ്യങ്ങളിൽനിന്നും കിഴക്കൻ മേഖലയിലേക്ക് വരുന്ന സന്ദർശകരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധനവാണ് ഇതിനുകാരണം.
ഈ വളർച്ച പ്രത്യേകിച്ചും വിനോദമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും സിനിമ ഇൻഫ്രാസ്ട്രക്ചറിലെ വർധിച്ച നിക്ഷേപങ്ങളും തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അൽമുല്ല പറഞ്ഞു.