ഇലക്ട്രോണിക് സിഗരറ്റുകൾ സൗദിയിൽ നിരോധിക്കില്ല
text_fieldsഅൽ ഖോബാർ: പരമ്പരാഗത സിഗരറ്റുകളുടെയും ഇലക്ട്രോണിക് സിഗരറ്റുകളുടെയും വിൽപ്പന നിരോധിക്കാൻ പദ്ധതിയില്ലെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) സി.ഇ.ഒ ഡോ. ഹിഷാം അൽജദേയ് വ്യക്തമാക്കി.
ബെൽജിയം പോലുള്ള രാജ്യങ്ങൾ പുകയില ഉൽപ്പന്നങ്ങളുടെ നിരോധനം ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ പുകയില നിയന്ത്രണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകൾക്കിടയിലാണ് സി.ഇ.ഒ ഇക്കാര്യം വ്യക്തമാക്കിയത്.
തിങ്കളാഴ്ച റൊട്ടാന ഖലീജിയയുടെ ‘ഫൈ അൽസൗറ’ എന്ന പരിപാടിയിൽ സംസാരിച്ച ഡോ. അൽജദേയ്, ഇലക്ട്രോണിക് സിഗരറ്റുകൾ ലോകമെമ്പാടും വ്യത്യസ്തമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് വ്യക്തമാക്കി.
സാധാരണ തെറ്റിദ്ധാരണകളെ എതിർത്ത് പരമ്പരാഗത പുകവലിക്ക് സുരക്ഷിതമായ ബദലല്ല ഇ-സിഗരറ്റ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പുകവലി പൂർണമായി ഉപേക്ഷിക്കാൻ പുകവലിക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എസ്.എഫ്.ഡി.എയുടെ സമഗ്രമായ ലക്ഷ്യം. ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം പുകവലിക്കാരെ പുകയില ഉപയോഗത്തിൽനിന്ന് അകറ്റാൻ സഹായിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പുകയില കമ്പനികൾ സ്ഥാപിതമായ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അതോറിറ്റി പ്രവർത്തിക്കുന്നു. അതേസമയം സാധ്യമായ ലംഘനങ്ങൾ സജീവമായി നിരീക്ഷിക്കുന്നു.
നിരോധനം നടപ്പാക്കുന്നതിനുപകരം, സൗദി അറേബ്യയുടെ നിലവിലെ നയം പുകവലി ഉപേക്ഷിക്കുന്നതിനുള്ള മാർഗമായി ബദലുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഈ ബദലുകൾ കൂടുതൽ ഫലപ്രദമായ തന്ത്രമാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.