വൻ മയക്കുമരുന്ന് വേട്ടക്ക് ദുബൈ പൊലീസിനെ സഹായിച്ച് സൗദി അറേബ്യ
text_fieldsദുബൈ പൊലീസ് സൗദിയുടെ സഹായത്തോടെ പിടികൂടിയ കാപ്റ്റഗൺ ഗുളികകളും പ്രതികളും
യാംബു: വസ്ത്ര സാമഗ്രികളുടെ ചരക്കിനുള്ളതിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടികൂടാൻ ദുബൈ പൊലീസിനെ സഹായിച്ച് സൗദി. 89,760 കാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തുന്നതിനാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ (ജി.ഡി.എൻ.സി) വിഭാഗം യു.എ.ഇയെ സഹായിച്ചത്. മയക്കുമരുന്ന് കടത്തിൽ ഉൾപ്പെട്ടിരിക്കുന്ന ക്രിമിനൽ ശൃംഖലകളെ സജീവമായി നിരീക്ഷിക്കുന്നതും യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ അതിന്റെ സഹഅതോറിറ്റിയുമായി ജി.ഡി.എൻ.സി പങ്കിട്ട വിവരങ്ങളുമാണ് ഓപറേഷന്റെ വിജയത്തിലേക്ക് നയിച്ചതെന്ന് ആഭ്യന്തര സുരക്ഷ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തലാൽ ബിൻ ഷാൽഹൂബ് പറഞ്ഞു.
മൂന്നംഗസംഘം ദുബൈയിൽ മയക്കുമരുന്ന് ഗുളികകൾ അടങ്ങിയ ഷിപ്മെന്റ് സ്വീകരിക്കാൻ പദ്ധതിയിടുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. മയക്കുമരുന്നുമായി അയൽരാജ്യത്തേക്ക് കടക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. വിദേശ രാജ്യത്തുള്ള സംഘത്തലവന്റെ നിർദേശമനുസരിച്ചായിരുന്നു പ്രതികളുടെ നീക്കങ്ങൾ. ഇതു മനസ്സിലാക്കിയ ഇരു രാജ്യങ്ങളിലെയും നാർകോട്ടിക് വിഭാഗം പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് മയക്കുമരുന്ന് ഓപറേഷൻ നടത്തുകയായിരിന്നു. പിടിച്ചെടുത്ത 19 കിലോഗ്രാം തൂക്കം വരുന്ന മയക്കുമരുന്നുകൾക്ക് വിപണിയിൽ ഏതാണ്ട് 44.8 ലക്ഷം ദിർഹം വില വരും. സംഭവത്തിൽ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ സുരക്ഷക്കും യുവാക്കളുടെയും സൗഹൃദ രാജ്യങ്ങളുടെയും ക്ഷേമത്തിന് ഭീഷണിയായ മയക്കുമരുന്നുമായി ബന്ധപ്പെട്ട ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും ചെറുക്കുന്നതിനും സൗദി അറേബ്യ ഉറച്ചുനിൽക്കുന്നുവെന്ന് ബ്രിഗേഡിയർ ജനറൽ തലാൽ ഊന്നിപ്പറഞ്ഞു. സൗദി കസ്റ്റംസും ഒരു ആഴ്ചയിൽ വിവിധ തുറമുഖങ്ങളിൽ 1,371 എണ്ണം പിടിച്ചെടുത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ കര, വ്യോമ, കടൽ തുറമുഖങ്ങളിലെ കസ്റ്റംസ് പ്രവർത്തനങ്ങളിൽ ഒരാഴ്ചക്കുള്ളിൽ 1,371 നിരോധിത വസ്തുക്കൾ പിടിച്ചെടുക്കൽ രേഖപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു. ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, ഷാബു, കാപ്റ്റഗൺ ഗുളികകൾ എന്നിവയുമായി ബന്ധപ്പെട്ട 47 കേസുകളും മറ്റു 333 നിരോധിത വസ്തുക്കളും ഉൾപ്പെട്ടതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അഥവാ 'സാറ്റ്ക' അറിയിച്ചു.
രാജ്യത്തേക്ക് പുകയിലയും അതിന്റെ ഉൽപന്നങ്ങളും കടത്താനുള്ള 1,046 ശ്രമങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. പണവുമായി ബന്ധപ്പെട്ട 15 കേസുകളും ആയുധങ്ങളും അവയുടെ അനുബന്ധ ഉപകരണങ്ങളും ഉൾപ്പെട്ട മൂന്നു സംഭവങ്ങളും അവർ കൈകാര്യം ചെയ്തതായി അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1910 എന്ന രഹസ്യ ഹോട്ട്ലൈൻ നമ്പർ വഴിയോ, 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
റിപ്പോർട്ടിലെ വിവരങ്ങൾ ശരിയാണെങ്കിൽ വിവരം അറിയിക്കുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുന്നതിനൊപ്പം അവരുടെ വിവരങ്ങൾ രഹസ്യമാക്കിവെക്കുമെന്നും അധികൃതർ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിൽ ലഹരിക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതും ശക്തമായ പരിശോധനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.