സൗദിയിൽ പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ
text_fieldsറിയാദ്: സ്വകാര്യ മേഖലയിലെ പ്രൊക്യൂർമെൻറ് (പർച്ചേസിങ്) തസ്തികകളിൽ 70 ശതമാനം സൗദിവത്കരണം ഏർപ്പെടുത്താനുള്ള സുപ്രധാന തീരുമാനം മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കി തുടങ്ങി. മെയ് 31 മുതലാണ് ഈ നിയമം രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്. സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷനുകളുടെ അംഗീകൃത നിർവചനങ്ങൾക്ക് കീഴിൽ വരുന്ന, മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പുതിയ നിബന്ധന ബാധകമാകുക.
പർച്ചേസിങ് രംഗത്തെ പ്രൊക്യുർമെൻറ് മാനേജർ, പ്രൊക്യുർമെൻറ് പ്രതിനിധി, കോൺട്രാക്ട് മാനേജർ, വെയർഹൗസ് കീപ്പർ, ലോജിസ്റ്റിക്സ് മാനേജർ, വെയർഹൗസ് മാനേജർ, ടെൻഡർ സ്പെഷ്യലിസ്റ്റ്, പ്രൊക്യുർമെൻറ് സ്പെഷ്യലിസ്റ്റ്, ഇ-കൊമേഴ്‌സ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റ് റിസർച്ച് സ്പെഷ്യലിസ്റ്റ്, വെയർഹൗസ് സ്പെഷ്യലിസ്റ്റ്, പ്രൈവറ്റ് ലേബൽ സപ്ലൈ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെ പ്രധാനപ്പെട്ട 12 തൊഴിൽ ശീർഷകങ്ങൾ ഈ തീരുമാനത്തിെൻറ പരിധിയിൽ വരുന്നുണ്ട്.
നിയമം ലക്ഷ്യമിടുന്ന സ്ഥാപനങ്ങൾ നിർദ്ദിഷ്ട സ്വദേശിവത്കരണ നിരക്കുകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണമുണ്ടാകും. സ്വദേശികൾക്ക് സുസ്ഥിരവും ഉൽപ്പാദനപരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ തൊഴിൽ വിപണി തന്ത്രത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രൊക്യുർമെൻറ് മേഖലയിൽ സ്വദേശികളായ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനുമായി മന്ത്രാലയം നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഭാവിയിലെ തൊഴിൽ വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികളെ വാർത്തെടുക്കാനും, സ്വകാര്യ മേഖലയിലെ ഉയർന്ന നിലവാരമുള്ള ജോലികളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും പുതിയ തീരുമാനം വഴി സാധിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.


