സൗദി സുരക്ഷിത നിക്ഷേപ കേന്ദ്രം; വെല്ലുവിളികൾക്കിടയിലും സാമ്പത്തിക കരുത്ത് തെളിയിക്കുന്നുവെന്ന് ധനകാര്യമന്ത്രി
text_fieldsറിയാദ്: ആഗോള വെല്ലുവിളികൾക്കിടയിലും സൗദി അറേബ്യ ആകർഷകവും സുരക്ഷിതവുമായ നിക്ഷേപ കേന്ദ്രമായി വേറിട്ടുനിൽക്കുകയാണെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ പ്രസ്താവിച്ചു. മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവിന്റെ (എഫ്.ഐ.ഐ) ഭാഗമായ ‘എഫ്.ഐ.ഐ പ്രയോറിറ്റി സമ്മിറ്റിന്റെ’ നാലാമത് പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി ഘട്ടങ്ങളിൽ നിക്ഷേപകർ എന്നും സ്ഥിരതയുള്ള സമ്പദ്‌വ്യവസ്ഥകളെയാണ് ആശ്രയിക്കുന്നത്. അത്തരം ലക്ഷ്യസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി സൗദി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നത് ഇതിന് തെളിവാണ്. എന്നാൽ, നിലവിലെ ആഗോള സംഭവവികാസങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും വരും കാലയളവിൽ ഇത് കൂടുതൽ പ്രകടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ വിപണികളിലെ ചാഞ്ചാട്ടവും അനിശ്ചിതത്വവും സൂചിപ്പിക്കുന്നത് ഈ ആഘാതങ്ങൾ ഇനിയും പൂർണ്ണമായി പ്രതിഫലിച്ചിട്ടില്ല എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സംഘർഷങ്ങളെക്കുറിച്ചും മന്ത്രി തന്റെ ആശങ്ക പങ്കുവെച്ചു. ഇറാനിൽ തുടർച്ചയായ യുദ്ധമുണ്ടായാൽ അത് എണ്ണ വിപണികളിൽ വലിയ തടസ്സങ്ങൾക്ക് കാരണമാകും. കോവിഡ് കാലഘട്ടത്തേക്കാൾ രൂക്ഷമായ പ്രത്യാഘാതമാകും ഇത് ആഗോള വിതരണ ശൃംഖലയിൽ ഉണ്ടാക്കുക.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി സൗദി നടത്തിയ തന്ത്രപരമായ നിക്ഷേപങ്ങളുടെ ഗുണഫലമാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്നത്. 50 വർഷം മുമ്പ് സ്ഥാപിച്ച കിഴക്ക്-പടിഞ്ഞാറ് പൈപ്പ്‌ലൈൻ ബാഹ്യ ആഘാതങ്ങളെ പ്രതിരോധിക്കാനും സാമ്പത്തിക സ്ഥിരത നിലനിർത്താനും രാജ്യത്തെ പ്രാപ്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി കയറ്റുമതിയുടെ വലിയൊരു ഭാഗം വഴിതിരിച്ചുവിടാൻ ശേഷിയുള്ള ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് സൗദി. ഇതിെൻറ ഭാഗമായി ചെങ്കടൽ വഴിയുള്ള കയറ്റുമതി പ്രതിദിനം അഞ്ച് ദശലക്ഷം ബാരലായി വർധിപ്പിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


