Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാനിലേക്ക്​ വിപുലമായ...

റമദാനിലേക്ക്​ വിപുലമായ ഒരുക്കവുമായി സൗദി, ഇരു ഹറമുകളിലെ ഇമാമുമാരുടെ പട്ടിക പുറത്തിറക്കി

text_fields
bookmark_border
റമദാനിലേക്ക്​ വിപുലമായ ഒരുക്കവുമായി സൗദി, ഇരു ഹറമുകളിലെ ഇമാമുമാരുടെ പട്ടിക പുറത്തിറക്കി
cancel

മദീന: വരുന്ന റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാരുടെ പട്ടികയ്ക്ക് ഇരുഹറം കാര്യാലയ വകുപ്പ് അംഗീകാരം നൽകി. തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളുടെ ഷെഡ്യൂൾ ഉൾപ്പെടുത്തിയുള്ള വാർത്തകുറിപ്പ് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കി.

ലോകപ്രശസ്ത ഖുർആൻ പാരായണ വിദഗ്ധരും പണ്ഡിതന്മാരുമാണ് ഇത്തവണയും മക്കയിൽ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. മക്കയിൽ ഡോ. അൽ സുദൈസ് നേതൃത്വം നൽകും. ഇരുഹറം കാര്യവകുപ്പ് മേധാവിയായ അദ്ദേഹം തന്നെയായിരിക്കും പ്രധാന ഇമാം. 1984 മുതൽ (ത​ന്റെ 22-ാം വയസ്സിൽ) അദ്ദേഹം ഹറമിൽ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. ഡോ. അബ്​ദുല്ല അൽ ജുഹൈനി, ഡോ. യാസർ അൽ ദോസരി, ഡോ. ബന്തർ ബലീല, ശൈഖ് ബദർ അൽ തുർക്കി എന്നിവരും മക്കയിൽ ഇമാമുമാരായി സേവനമനുഷ്ഠിക്കും.

മദീനയിലെ ഇമാമുമാർ

മദീനയിലെ മസ്ജിദുന്നബവിയിൽ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകാൻ അഞ്ച്​ പ്രമുഖ പണ്ഡിതരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ശൈഖ് സലാഹ് അൽ ബുദൈർ, ശൈഖ് അബ്​ദുല്ല അൽ ഖറാഫി, ശൈഖ് ഖാലിദ് അൽ ഹന, ശൈഖ് മുഹമ്മദ് ബർഹാജി, ശൈഖ് അബ്​ദുൽ മുഹ്‌സിൻ അൽ ഖാസിം എന്നിവരാണ്​ മദീനയിൽ നിയോഗിക്കപ്പെട്ടിരിക്കുന്നത്​.

ഒരുക്കം തകൃതി

റമദാൻ മാസത്തിൽ ലോകത്തി​ത​ന്റെ വിവിധ ഭാഗങ്ങളിൽ നിന്നൊഴുകിയെത്തുന്ന ദശലക്ഷക്കണക്കിന് വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഇരു ഹറമുകളിലും ഒരുങ്ങുന്നത്. മിതത്വത്തി​​ന്റെയും സന്തുലിതാവസ്ഥയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം സന്ദർശകർക്ക് മികച്ച അനുഭവം നൽകുകയാണ് അധികൃതരുടെ ലക്ഷ്യം.

റമദാനിൽ ഖുർആൻ, ഹദീസ് പഠനങ്ങൾക്കും അവയുടെ പ്രചാരണത്തിനുമായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കും. അറബി ഇതര ഭാഷക്കാർക്കായി വിവർത്തന സംവിധാനങ്ങളും ഗൈഡൻസ് സേവനങ്ങളും വിപുലീകരിച്ചിട്ടുണ്ട്​. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഡിജിറ്റൽ സേവനങ്ങളും ആപ്പുകളും വഴി തീർഥാടകർക്ക് മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്​. സന്ദർശകരെ സഹായിക്കാൻ വൻ സന്നദ്ധ സേവന സംഘത്തെയും ഉദ്യോഗസ്ഥരെയും നിയോഗിച്ചു. റമദാനിലെ തിരക്ക് പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ഇതിനോടകം തന്നെ പൂർത്തിയായി വരികയാണെന്ന് ജനറൽ പ്രസിഡൻസി അറിയിച്ചു.

Show Full Article
TAGS:saudi ramadan Masjid al-Haram Prophet's mosque imams 
News Summary - Saudi Arabia makes extensive preparations for Ramadan
Next Story