മുന്തിരി ഉൽപാദനത്തിലും സൗദി കുതിപ്പിൽ; സ്വയംപര്യാപ്തത 66 ശതമാനം
text_fieldsസൗദിയിലെ മുന്തിരിത്തോപ്പുകളിൽനിന്നുള്ള കാഴ്ചകൾ
അൽ ഖോബാർ: കാർഷിക മേഖലയിൽ സൗദി അറേബ്യ കുതിപ്പിൽ. വിവിധ പഴം, പച്ചക്കറിയിനങ്ങളിൽ രാജ്യം സ്വയം പര്യാപ്തതയിലേക്ക് ഉയരുകയാണ്. തക്കാളിക്കും തണ്ണിമത്തനും പിന്നാലെ മുന്തിരി വിളവെടുപ്പിൽ 66 ശതമാനം വർധന നേടി സ്വയം പര്യാപ്തത കൈവരിച്ചിരിക്കുന്നു. രാജ്യത്തിന്റെ ആകെ വാർഷിക മുന്തിരി ഉൽപാദനം 1,22,000 ടൺ കവിഞ്ഞു. ഇത് പ്രാദേശിക കാർഷിക മേഖലയുടെ വളർച്ചയെ രേഖപ്പെടുത്തുകയും വിപണി ആവശ്യങ്ങളുടെ വലിയൊരു ഭാഗം നിറവേറ്റുകയും ചെയ്യുന്നതായി പരിസ്ഥിതി- ജല- കൃഷി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 71.3 ലക്ഷത്തിലധികം മുന്തിരിച്ചെടികളും 61 ലക്ഷത്തിലധികം ഫലം കായ്ക്കുന്നവയുമുണ്ട്. കഴിഞ്ഞ വർഷം മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളം 4720 ഹെക്ടർ മുന്തിരിത്തോപ്പുകളുണ്ട്. പ്രതിവർഷം 46,939 ടൺ വിളവ് നൽകുന്ന തബൂക്കാണ് ഏറ്റവും കൂടുതൽ മുന്തിരി ഉൽപാദിപ്പിക്കുന്ന മേഖല. അൽ ഖസീം, ഹാഇൽ, അസീർ എന്നിവയും ദേശീയ ഉൽപാദനത്തിൽ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കുറഞ്ഞ ജല ആവശ്യകതയോടെ വിവിധ മണ്ണിൽ കൃഷി ചെയ്യാൻ എളുപ്പമുള്ളതിനാൽ മുന്തിരികൃഷി ലാഭകരമായി കണക്കാക്കുന്നു. സൗദി അറേബ്യയിലെ വിവിധ കാലാവസ്ഥകളുമായി മുന്തിരിച്ചെടികൾക്ക് എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയും. കർഷകരെ മുന്തിരി നടാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സ്മാർട്ട് ഇറിഗേഷൻ സംവിധാനങ്ങൾ, ജൈവകൃഷി തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ നൽകി അവരെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങൾ മന്ത്രാലയം നടപ്പാക്കിവരുന്നു.
മുന്തിരിയുടെ വിളവെടുപ്പ് കാലം ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്. സാമ്പത്തിക, കാർഷിക പ്രാധാന്യത്തിനപ്പുറം, മുന്തിരിപ്പഴം ഉയർന്ന പോഷകമൂല്യത്തിനും പേരുകേട്ടതാണ്. അവയിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ഊർജം, പൊട്ടാസ്യം, ആവശ്യമായ വിറ്റാമിനുകൾ എന്നിവ നൽകുന്നത് കൂടാതെ വിവിധ ആരോഗ്യ ഗുണങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
മുന്തിരിയിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്നും ബോധ്യപ്പെടുത്തുകയും പ്രാദേശിക പഴങ്ങളുടെ ഉപഭോഗം വർധിപ്പിക്കുകയും ചെയ്യുകയെന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. മുന്തിരി ഉൽപാദനത്തിലെ ഈ പുരോഗതി കാർഷിക സ്വയംപര്യാപ്തതയിൽ രാജ്യം കൈവരിച്ച പുരോഗതിയെ അടിവരയിടുക മാത്രമല്ല, ലക്ഷ്യമിട്ട സർക്കാർ നയങ്ങളുടെ ഫലപ്രാപ്തിയും കാർഷിക മേഖല മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും എടുത്തുകാണിക്കുക്കുകയും ചെയ്യുന്നതായി മന്ത്രാലയം വ്യക്തമാക്കി.