സിറിയൻ ജനതക്ക് വീണ്ടും സഹായഹസ്തവുമായി സൗദി അറേബ്യ
text_fieldsഡമാസ്‌കസിലെത്തിയ സൗദി ട്രക്കുകളും ട്രക്കുകളിലെത്തിച്ച ആംബുലൻസുകളും
ജിദ്ദ: സിറിയൻ ജനതയെ സഹായിക്കാനുള്ള മനുഷ്യത്വപരമായ സൗദി അറേബ്യയുടെ സഹായഹസ്തങ്ങൾ തുടരുന്നു. 670 ടണ്ണിലധികം ഭാരത്തിൽ വിവിധ സാധനസാമഗ്രികളുമായി സൗദിയിൽ 50 ട്രക്കുകൾ കഴിഞ്ഞ ദിവസം ഡമാസ്കസിലെത്തി.
മെഡിക്കൽ, ഭക്ഷണം, ഷെൽട്ടർ സാമഗ്രികൾക്ക് പുറമെ മെഡിക്കൽ ഉപകരണങ്ങൾ, ആംബുലൻസുകൾ, ഹെവി ഉപകരണങ്ങൾ, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ അടങ്ങിയ സാധനങ്ങളാണ് ട്രാക്കുകളിൽ സിറിയയിലെത്തിച്ചത്. റോയൽ കോടതി ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅ ഡമാസ്കസിൽ വാഹനവ്യൂഹത്തെ സ്വീകരിച്ചു.
ഡമാസ്കസിലെത്തിയ സാധനസാമഗ്രികൾ കെ.എസ് റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅയും സിറിയൻ ഉദ്യോഗസ്ഥരും പരിശോധിക്കുന്നു
2025 ൽ ആരംഭിച്ച ദുരിതാശ്വാസ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ഡെലിവറിയും നടത്തിയത്. ഇതിനകം ലാൻഡ് ബ്രിഡ്ജിലൂടെ 800 ട്രക്കുകളിലും സൗദി എയർ ബ്രിഡ്ജ് വഴി 18 വിമാനങ്ങളിലും സൗദിയിൽ നിന്നും സിറിയയിൽ വിവിധ സാധനസാമഗ്രികൾ എത്തിച്ചിട്ടുണ്ട്. ഇതോടെ മൊത്തം സഹായമായി എത്തിച്ച സാധനങ്ങളുടെ ഭാരം 13,561 ടണ്ണായി ഉയർന്നു.
സിറിയൻ ജനതയെ പിന്തുണയ്ക്കുന്നതിനും ആരോഗ്യ സംരക്ഷണം, പാർപ്പിടം, ഭക്ഷ്യസുരക്ഷ എന്നിവയുൾപ്പെടെ അവശ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധതയെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി ഉദ്യോഗസ്ഥർ പറഞ്ഞു.