ഡ്രോൺ സാങ്കേതികവിദ്യയിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങി സൗദി
text_fieldsറിയാദ്: സൗദി അറേബ്യയെ ആധുനിക സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള നീക്കങ്ങൾക്ക് കരുത്തുപകർന്ന് തുവൈഖ് അക്കാദമിയിൽ അത്യാധുനിക ‘ഡ്രോൺ ഹബ്ബ്’ പ്രവർത്തനമാരംഭിച്ചു. ഡ്രോൺ റേസിങ്ങിലെ ലോകോത്തര സ്ഥാപനമായ ഡി.സി.എല്ലുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്. സൗദി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് ഹബ്ബിെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വ്യോമയാന സുരക്ഷ-പരിസ്ഥിതി സുസ്ഥിരത വിഭാഗം എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ക്യാപ്റ്റൻ സുലൈമാൻ ബിൻ സാലിഹ് അൽ മുഹൈമിദി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
നൈപുണ്യ വികസനം
ഡ്രോൺ സാങ്കേതികവിദ്യയിൽ സ്വദേശി യുവാക്കളുടെ കഴിവുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഹബ്ബിെൻറ പ്രാഥമിക ലക്ഷ്യം.
പരിശീലന കേന്ദ്രം
സൗദി ദേശീയ ഡ്രോൺ റേസിങ് ടീമിനുള്ള പ്രത്യേക പരിശീലന കേന്ദ്രമായി ഈ ഹബ്ബ് പ്രവർത്തിക്കും.
അത്യാധുനിക സൗകര്യങ്ങൾ
പരീക്ഷണങ്ങൾക്കും പഠനത്തിനുമുള്ള ലാബുകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രഫഷനൽ പ്രോഗ്രാമുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
മത്സരവേദികൾ
ഡ്രോൺ സ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നതിനായി പതിവ് ചാമ്പ്യൻഷിപ്പുകളും കമ്യൂണിറ്റി ഇവൻറുകളും ഹബ്ബിെൻറ ഭാഗമായി സംഘടിപ്പിക്കും.
‘വിഷൻ 2030’
സൗദി വിഷൻ 2030-െൻറ ഭാഗമായി സാങ്കേതിക നൈപുണ്യം പ്രാദേശികവൽക്കരിക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോള പങ്കാളിത്തങ്ങൾ ഉറപ്പാക്കി വിദേശ നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനൊപ്പം, നൂതന സാങ്കേതികവിദ്യകളിൽ സൗദിയുടെ സാന്നിധ്യം ശക്തമാക്കാനും ഈ പദ്ധതിയോടെ സാധിക്കും. രാജ്യത്ത് നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്ന ആദ്യത്തെ സ്ഥാപനമായ തുവൈഖ് അക്കാദമി, ഈ പുതിയ ചുവടുവെപ്പിലൂടെ ദേശീയ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പുതിയൊരു അധ്യായം കുറിക്കുകയാണ്. താൽപ്പര്യമുള്ളവർക്ക് അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.


