യമൻ, അസർബൈജാൻ, ഇറാഖ് എന്നിവിടങ്ങളിൽ കുഴിബോംബ് നീക്കംചെയ്യാൻ 241 ദശലക്ഷം ഡോളർ ചെലവഴിച്ച് സൗദി
text_fieldsകുഴിബോംബുകൾ നിർവീര്യമാക്കുന്നു
റിയാദ്: യമൻ, അസർബൈജാൻ, ഇറാഖ് എന്നിവിടങ്ങളിൽ കുഴിബോംബുകൾ നീക്കം ചെയ്യുന്നതിന് സൗദി അറേബ്യ ഇതുവരെ ചെലവഴിച്ചത് 241,167,000 ഡോളർ. ദേശീയ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ റിലീഫ് സെന്റർ വഴിയാണ് കുഴിബോംബ് നീക്കം ചെയ്യൽ പദ്ധതി നടപ്പാക്കുന്നത്. ലോകത്ത് സംഘർഷങ്ങളും പ്രകൃതിദുരന്തങ്ങളും ദുരിതം വിതക്കുന്ന രാജ്യങ്ങളിൽ മാനുഷിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും അവിടങ്ങളിൽ സ്ഥിരതയും സമൃദ്ധിയും സാധ്യമാക്കുന്നതിനും പരമാവധി സഹായിക്കാനുള്ള മാനുഷിക താൽപര്യമാണ് ഈ പദ്ധതിക്ക് പിന്നിൽ.
കുഴിബോംബുകൾ നീക്കം ചെയ്യുന്നതിനുള്ള നിരവധി പ്രാദേശിക, അന്തർദേശീയ സംരംഭങ്ങളെ സൗദി പിന്തുണച്ചിട്ടുണ്ട്. സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമായ അന്തരീക്ഷം കൈവരിക്കുന്നതിനും കുഴിബോംബുകളും പൊട്ടിത്തെറിക്കാത്ത മറ്റു ആയുധങ്ങളുമായി ബന്ധപ്പെട്ട സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുക എന്ന വിശാലലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്.
2018ന്റെ മധ്യത്തിലാണ് കിങ് സൽമാൻ റിലീഫ് സെന്റർ യമനിൽ കുഴിബോംബ് നിർവീര്യമാക്കൽ പദ്ധതി ആരംഭിച്ചത്. യമൻ ജനതയുടെ ജീവന് നേരെ നേരിട്ടുള്ള ഭീഷണികളെ ചെറുക്കുക, സുരക്ഷ പ്രോത്സാഹിപ്പിക്കുക, കുഴിച്ചിട്ട സ്ഫോടകവസ്തുക്കൾ വ്യാപിക്കുന്നത് മൂലമുണ്ടാകുന്ന മാനുഷിക ദുരന്തങ്ങൾ ഇല്ലാതാക്കുന്നതിന് സാധാരണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ മാനുഷിക സംരംഭം. സൗദി ഉദ്യോഗസ്ഥരും അന്താരാഷ്ട്ര വിദഗ്ധരും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.
550 ജീവനക്കാരും 32 പരിശീലനം ലഭിച്ച മൈൻ ക്ലിയറൻസ് ടീമുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമരഹിതമായി സ്ഥാപിച്ചിട്ടുള്ള പലതരം കുഴിബോംബുകളും പൊട്ടിത്തെറിക്കാത്ത ബോംബുകളും നീക്കം ചെയ്യുന്നതിനായി നിലവിലും പ്രവർത്തിച്ചുവരുകയാണ്. പദ്ധതി ആരംഭിച്ചതു മുതൽ 4,86,108 കുഴിബോംബുകൾ, പൊട്ടിത്തെറിക്കാത്ത ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ എന്നിവ നീക്കം ചെയ്യാനും 65,888,674 ക്യുബിക് മീറ്റർ ഭൂമി വൃത്തിയാക്കാനും പദ്ധതിക്ക് കഴിഞ്ഞു.
കുഴിബോംബുകളുടെ വ്യാപനത്തെ ചെറുക്കാനുള്ള കെ.എസ് റീലിഫിന്റെ ശ്രമങ്ങൾ യമനിൽ മാത്രം ഒതുങ്ങുന്നതല്ല, മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. 2024 ജനുവരിയിലാണ് അസർബൈജാനിൽ കുഴിബോംബുകൾ നീക്കം ചെയ്യുന്നതിനായി കിങ് സൽമാൻ റിലീഫ് കേന്ദ്രം സാമ്പത്തിക സഹായം ആരംഭിച്ചത്. ഇത് നടന്നുകൊണ്ടിരിക്കുന്ന പുനർനിർമാണ ശ്രമങ്ങളെ പിന്തുണക്കുന്നതിനും കുടിയൊഴിപ്പിക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടായിരുന്നു.
2024 ഏപ്രിലിൽ ഇറാഖി പൗരന്മാരുടെ സ്ഥിരതക്കും സുരക്ഷക്കുമായി സുരക്ഷിതവും മൈനുകളില്ലാത്തതുമായ അന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിനും അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും കൃഷിയും കന്നുകാലി വളർത്തൽ പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നതിനും ഇറാഖിലെ നിരവധി ഭാഗങ്ങളിൽ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾക്കും കുഴിബോംബുകൾക്കുമുള്ള സർവേ, ക്ലിയറൻസ് പദ്ധതികൾക്കും കേന്ദ്രം ധനസഹായം നൽകിയിട്ടുണ്ട്.
കുഴിബോംബ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയേക്കാവുന്ന ഗുരുതരമായ അപകടസാധ്യതകൾ തൊഴിലാളികൾ അഭിമുഖീകരിക്കുന്നുണ്ട്.
പദ്ധതി ആരംഭിച്ചതു മുതൽ ക്ലിയറൻസ് പ്രവർത്തനത്തിനിടെ കുഴിബോംബുകളോ ബോംബുകളോ പൊട്ടിത്തെറിച്ച് ഏകദേശം 30 ആളുകൾ മരിച്ചിട്ടുണ്ട്. കുഴിബോംബുകളുടെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവയുടെ ഭീഷണികളിൽനിന്ന് ജീവൻ സംരക്ഷിക്കുന്നതിനും സംഘർഷബാധിത രാജ്യങ്ങളിലെ തൊഴിലാളികളുടെ ശേഷി വർധിപ്പിക്കുന്നതിനും ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനുമായി എല്ലാ വർഷവും ഏപ്രിൽ നാലിന് അന്താരാഷ്ട്ര കുഴിബോംബ് ബോധവത്കരണ ദിനം കിങ് സൽമാൻ സെന്റർ ആഘോഷിച്ചുവരുന്നുണ്ട്.