സൗദിയിൽ റെയിൽവേ ശൃംഖല വ്യാപിപ്പിക്കും
text_fieldsസൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ ആഗോള വ്യോമയാന, സമുദ്ര ഗതാഗത സിമ്പോസിയത്തിൽ സംസാരിക്കുന്നു
റിയാദ്: മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.ഡി.പി) ഗതാഗത, ലോജിസ്റ്റിക് മേഖലയിൽനിന്നുള്ള വരുമാനം ഇരട്ടിയാക്കുകയും റെയിൽവേ ശൃംഖലയുടെ ദൈർഘ്യം 50 ശതമാനം കൂട്ടുകയും വിമാനത്താവളങ്ങളുടെ യാത്രക്കാരെ ഉൾക്കൊള്ളൽ ശേഷി ഇരട്ടിയാക്കുകയുമാണ് സൗദി അറേബ്യയുടെ ലക്ഷ്യമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ വെളിപ്പെടുത്തി.
സൗദിയെ ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ലക്ഷ്യം കാണുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുക. ആഗോള വ്യോമയാന, സമുദ്ര ഗതാഗത സിമ്പോസിയത്തിെൻറ ഭാഗമായി ‘ഗതാഗതത്തിന്റെ ഭാവി രൂപപ്പെടുത്തൽ: ആളുകൾ, സാങ്കേതികവിദ്യ, നയങ്ങൾ’ എന്ന മന്ത്രിതല സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയിലൂടെയും ആധുനിക നയങ്ങളിലൂടെയും കാര്യക്ഷമത വർധിപ്പിക്കുന്ന സമഗ്രവും മനുഷ്യകേന്ദ്രീകൃതവുമായ ഒരു ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനായി സൗദി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നു. ലോജിസ്റ്റിക് സോണുകൾ വികസിപ്പിക്കുന്നതിനും വിവിധ ഗതാഗത മാർഗങ്ങളെ ഡിജിറ്റൽ, കസ്റ്റംസ് ഇൻഫ്രാസ്ട്രക്ചറുമായി ബന്ധിപ്പിച്ച് അവയുടെ സംയോജനം വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തന പദ്ധതികൾ മന്ത്രാലയം നടപ്പാക്കി വരുകയാണ്. ഇത് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളം അവയുടെ വ്യാപ്തി വികസിപ്പിക്കുന്നതിനും സഹായിക്കും.
ജിദ്ദ ഇസ്ലാമിക് തുറമുഖത്തുള്ള സംയോജിത ലോജിസ്റ്റിക്സ് മേഖല പ്രധാന തുറമുഖം, കസ്റ്റംസ് വെയർഹൗസുകൾ, എയർ കാർഗോ സ്ഥാപനങ്ങൾ എന്നിവയുമായി നേരിട്ട് ബന്ധിക്കപ്പെട്ടതാണ്. ലാൻഡ് ബ്രിഡ്ജ് പ്രോജക്റ്റ് വഴി ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവും ജിദ്ദ തുറമുഖവും തമ്മിൽ റെയിൽ മാർഗം ബന്ധിപ്പിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കസ്റ്റംസ്, തുറമുഖങ്ങൾ, വിമാനക്കമ്പനികൾ, ചരക്ക് കൈമാറ്റ ഏജൻസികൾ എന്നിവയെ ബന്ധിപ്പിക്കുന്ന ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ഏകീകൃത ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോം, കസ്റ്റംസ് ക്ലിയറൻസ് സമയം 30 ശതമാനത്തിലധികം കുറയ്ക്കുന്നതിനും ചരക്ക് നീക്കത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. 2021 മധ്യത്തിൽ ആരംഭിച്ച ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രം സൗദി വിഷൻ 2030ന്റെ ഒരു സ്തംഭമാണെന്നും രാജ്യത്തെ ഒരു പ്രമുഖ ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റുന്നതിന് ഏകീകൃതവും വിവിധോദ്ദേശ സൗകര്യവുമുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.