യു.എൻ ടൂറിസം ജനറൽ അസംബ്ലിക്ക് സൗദി ആതിഥ്യമരുളും
text_fieldsറിയാദ്: യു.എൻ ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലി 26ാമത് സെഷന് സൗദി ആതിഥ്യമരുളും.‘നിർമിതബുദ്ധി ശക്തിയിൽ ടൂറിസം: ഭാവിയെ പുനർനിർവചിക്കൽ’ എന്ന തലക്കെട്ടിൽ നവംബർ ഏഴ് മുതൽ 11 വരെ റിയാദിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ 160ലധികം അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും നിരവധി സംഘടനകളും ആഗോള വ്യവസായ പ്രമുഖരും പങ്കെടുക്കും. കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ടൂറിസം ഭാവിക്കായുള്ള ഒരു റോഡ് മാപ്പ് രൂപപ്പെടുത്തുക എന്നതാണ് ഈ അന്താരാഷ്ട്ര പരിപാടിയുടെ ലക്ഷ്യം.
ഐക്യരാഷ്ട്രസഭയുടെ ടൂറിസം ഓർഗനൈസേഷന്റെ പുതിയ സെക്രട്ടറി ജനറലിന്റെ തെരഞ്ഞെടുപ്പ്, പ്രത്യേക സമിതികളുടെ യോഗങ്ങൾ, ടൂറിസത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു വിഷയാധിഷ്ഠിത സെഷൻ എന്നിവയുൾപ്പെടെ ജനറൽ അസംബ്ലിയുടെ നാല് പ്രധാന സെഷനുകൾ അജണ്ടയിൽ ഉൾപ്പെടുന്നു. ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കൗൺസിലിന്റെ 124ാമത്, 125ാമത് മീറ്റിങ്ങുകളും ഈ സെഷനിൽ നടക്കും.
ഈ ആഗോള ടൂറിസം നയതന്ത്രത്തിന്റെ ചരിത്ര പരിപാടിയിൽ പങ്കെടുക്കാൻ ലോക നേതാക്കളെ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ് ക്ഷണിച്ചു. യു.എൻ ടൂറിസം ഓർഗനൈസേഷൻ പൊതുസഭയ്ക്ക് ആതിഥേയത്വം വഹിക്കാനും ടൂറിസം മേഖലയിലെ സംയുക്ത അന്താരാഷ്ട്ര പ്രവർത്തനങ്ങളെ പുനർനിർവചിക്കുകയും മറ്റ് മേഖലകളിൽ അതിന്റെ സ്വാധീനം വർധിപ്പിക്കുകയും ചെയ്യുന്ന ഒരു സെഷൻ സംഘടിപ്പിക്കാനുമുള്ള ആഗ്രഹം ടൂറിസം മന്ത്രി പ്രകടിപ്പിച്ചു.
യു.എൻ ടൂറിസം പൊതുസഭയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് സൗദി എന്നതിനാൽ ഈ ആതിഥ്യത്തിന്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. ആതിഥേയ രാജ്യം എന്നനിലയിൽ നമ്മുടെ പങ്ക് ലോകത്തെ സ്വാഗതം ചെയ്യുക, കാഴ്ചപ്പാടുകളെ കൂടുതൽ അടുപ്പിക്കുക, ടൂറിസം മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അത് പ്രയോജനപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുക എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


