സൗദിയുടെ യു.എൻ അംബാസഡർക്ക് 'സ്പിരിറ്റ് ഓഫ് ദി യു.എൻ' അവാർഡ്
text_fieldsയാംബു: സൗദി അറേബ്യയുടെ യു.എൻ അംബാസഡർ അബ്ദുൽ അസീസ് അൽ വാസിലിന് 2025 ലെ 'സ്പിരിറ്റ് ഓഫ് ദി യു.എൻ' അവാർഡ് ലഭിച്ചു. അന്താരാഷ്ട്ര സഹകരണം, വിവിധ രാഷ്ട്രങ്ങളിലെ സമാധാന വിഷയങ്ങളിലെ ഇടപെടലുകൾ, വിവിധ രാഷ്രങ്ങളുടെ ഐക്യത്തിനായി അദ്ദേഹം നടത്തിയ വിവിധ പ്രഭാഷണങ്ങൾ എന്നിവ പരിഗ ണിച്ചാണ് ഐക്യ രാഷ്ട്രസഭയുടെ (യു.എൻ) അംഗീകാരം നൽകിയത്.
ജൂണിൽ യു.എൻ ജനറൽ അസംബ്ലിയുടെ വൈസ് പ്രസിഡന്റായി അബ്ദുൽ അസീസ് അൽ വാസിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വർഷം സ്ത്രീകളുടെ പദവി സംബന്ധിച്ച കമ്മീഷന്റെ അധ്യക്ഷൻ ഉൾപ്പെടെയുള്ള വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിരുന്നു.
സെപ്റ്റംബറിൽ ഫ്രാൻസുമായി സഹകരിച്ച് നടന്ന 'ടു-സ്റ്റേറ്റ് സൊല്യൂഷൻ കോൺഫറൻസി' ൽ അബ്ദുൽ അസീസ് അൽ വാസിൽ സൗദിയുടെ നയതന്ത്രകാഴ്ച്ചപ്പാടിനെ എടുത്തു കാണിക്കുകയും അത് മറ്റുള്ള രാഷ്ട്ര നേതാക്കൾ അംഗീകരിക്കുകയും ചെയ്തു. മേഖലയിൽ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളു ടെ ഭാഗമായി ഫലസ്തീൻ രാഷ്ട്രത്വം അംഗീകരിക്കാൻ ഈ പരിപാടി നിരവധി രാജ്യങ്ങളെ പ്രേരിപ്പിച്ചതും വലിയ നേട്ടമായി വിലയിരുത്തി.
വിവിധ രാഷ്ട്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന സഹകരണത്തിനും തത്വങ്ങൾക്കും സമാധാനത്തിനും അന്താരാഷ്ട്ര സമൂഹത്തിന്റെ മഹത്തായ പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് തനിക്ക് കിട്ടിയ യു.എൻ അവാർഡെന്ന് അബ്ദുൽ അസീസ് അൽ വാസിൽ 'എക്‌സി' ൽ പ്രതികരിച്ചു.
കൂടുതൽ സമാധാനപരവും കാരുണ്യപൂർണവുമായ ഒരു ലോകം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഐക്യരാഷ്ട്രസഭയുടെ ഉദാത്തമായ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാവർക്കും വേണ്ടി അവാർഡ് സമർപ്പിക്കുന്ന തായും സൗദി യു.എൻ അംബാസഡർ പറഞ്ഞു


