ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, നിർമിതബുദ്ധി; ആഗോളതലത്തിൽ സ്ഥാനം ശക്തിപ്പെടുത്തുന്നത് സൗദി തുടരും -വാർത്താവിനിമയ മന്ത്രി
text_fieldsഖിദ്ദിയയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സൗദി വാർത്താവിനിമയ മന്ത്രി സൽമാൻ അൽദോസരി സംസാരിക്കുന്നു
റിയാദ്: ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലും നിർമിത ബുദ്ധിയിലും സൗദി അറേബ്യ ആഗോളതലത്തിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും വാർത്താവിനിമയ മന്ത്രി സൽമാൻ അൽദോസരി പറഞ്ഞു. യുവാക്കൾക്കായുള്ള ആഗോള കൃത്രിമബുദ്ധി മത്സരത്തിൽ 26 അവാർഡുകളുമായി രാജ്യം ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയെന്നും മത്സരത്തിന്റെ ചരിത്രത്തിൽ ഇത്രയധികം അവാർഡുകൾ ലഭിച്ച ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണിതെന്നും വാർത്താവിനിമയ മന്ത്രി സൽമാൻ അൽദോസരി പറഞ്ഞു. ഖിദ്ദിയ വിനോദ നഗരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൽദോസരി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളും വിവിധ മേഖലകളിലെ അതിന്റെ സമീപകാല നേട്ടങ്ങളും വാർത്താവിനിമയ മന്ത്രി ചർച്ച ചെയ്തു. 2025ലെ നാലാം പാദത്തിൽ ഇലക്ട്രോണിക് ഗെയിംസ് വ്യവസായം, നിർമിത ബുദ്ധി സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ എന്നിവയുടെ പ്രവർത്തനങ്ങൾ മുൻ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 23 ശതമാനം മുതൽ 35 ശതമാനം വരെ നിരക്കിൽ വളർന്നു. ഖിദ്ദിയയിൽ രണ്ടാമത്തെ ഇംപാക്റ്റ് മേക്കേഴ്സ് ഫോറമായ ‘ഇംപാക് 2026’ സംഘടിപ്പിക്കുമെന്നും ഖിദ്ദിയയിലെ പങ്കാളികളുമായി ചേർന്ന് ‘ഇംപാക് ഹൗസ്’ എന്ന പദ്ധതി ഇവിടെ ആരംഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിവുള്ള വ്യക്തികളെ ചെറുപ്പം മുതലേ കണ്ടെത്താനും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ‘മീഡിയ ടാലൻറ് സ്കൂൾ’ എന്ന പദ്ധതി ആരംഭിക്കുന്നതിനായി മാധ്യമ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
കിരീടാവകാശിയുടെ രക്തദാന കാമ്പയിൻ ആരംഭിച്ചതിനുശേഷം ദാതാക്കളുടെ എണ്ണത്തിൽ നാലിരട്ടി വർധനവ് കൈവരിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് ശരാശരി മനുഷ്യ ആയുർദൈർഘ്യം 2016ൽ 74 വർഷത്തിൽനിന്ന് 79.7 ആയി ഉയർന്നിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2025-ൽ 99.8 ശതമാനം പരിപാലന നിരക്കോടെ റിയാദ് മെട്രോ പ്രവർത്തന സമയനിഷ്ഠയുടെ ഏറ്റവും ഉയർന്ന നിലവാരം കൈവരിച്ചിട്ടുണ്ട്. പദ്ധതി ആരംഭിച്ചതിനുശേഷം ഈ വർഷം ഒക്ടോബർ വരെ 12 കോടി യാത്രക്കാർക്ക് സേവനം നൽകിയിട്ടുണ്ട്. അടുത്ത വർഷം റിയാദ് മെട്രോയുടെ ഏഴാം ഘട്ടം നടപ്പാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം അവസാനത്തോടെ സൗദി കുടുംബങ്ങൾക്കിടയിൽ സ്വന്തമായി വീടുള്ളവരുടെ എണ്ണം 65.4 ശതമാനമായി. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് സൗദി ത്വരിതഗതിയിൽ നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ഖിദ്ദിയ വിനോദ നഗരത്തിൽ ആദ്യത്തെ അമ്യൂസ്മെൻറ് പാർക്കായ സിക്സ് ഫ്ലാഗ്സ് പാർക്കിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല അൽദാവൂദും പങ്കെടുത്തു.


