Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്യസുരക്ഷക്ക്...

രാജ്യസുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും -സൗദി മന്ത്രിസഭ; ‘സമാധാനം തകർക്കുന്നതിനെ പ്രതിരോധിക്കാൻ ഒപ്പമുണ്ടാകും’

text_fields
bookmark_border
രാജ്യസുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും -സൗദി മന്ത്രിസഭ; ‘സമാധാനം തകർക്കുന്നതിനെ പ്രതിരോധിക്കാൻ ഒപ്പമുണ്ടാകും’
cancel

റിയാദ്: സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി മന്ത്രിസഭ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.

മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയിലും സ്ഥിരതയിലും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും യോഗം വിശദമായി വിലയിരുത്തി. സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾ, ജോർഡൻ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെ ലോകനേതാക്കൾ അപലപിച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു.

ആക്രമണത്തിന് ഇരയായ സഹോദര രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയുടെ സമാധാനം തകർക്കുന്ന ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ ആ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി ഒപ്പമുണ്ടാകും.

വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ജിസിസി പൗരന്മാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആതിഥ്യമരുളലും നൽകുന്നുണ്ടെന്നും അവർക്ക് സുരക്ഷിതമായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കുമെന്നും യോഗം അറിയിച്ചു.

ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും അവരുടെ നീതിയുക്തമായ പോരാട്ടത്തിനും പിന്തുണ നൽകുന്നതിൽ ഒ.ഐ.സി അസാധാരണ യോഗം കൈക്കൊണ്ട തീരുമാനങ്ങൾ നിർണായകമാണെന്ന് വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി വ്യക്തമാക്കി. കൂടാതെ, യമനിലെ സാമ്പത്തിക സ്ഥിരതയും വികസനവും ലക്ഷ്യമിട്ട് സൗദി നൽകുന്ന പുതിയ സാമ്പത്തിക സഹായം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് മന്ത്രിസഭ വിലയിരുത്തി.

വാതക ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികളിൽ കൈവരിച്ച പുരോഗതിയെ യോഗം പ്രശംസിച്ചു. 'അൽ-ജാഫുറ' എണ്ണപ്പാടത്തെ ഒന്നാം ഘട്ട ഉൽപാദനവും 'തനഖീബ് ഗ്യാസ് പ്ലാന്റിന്റെ' പ്രവർത്തനവും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകും.

വിവിധ രാജ്യങ്ങളുമായി സഹകരിക്കുന്നതിനുള്ള നിരവധി ധാരണാപത്രങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി:

• ബംഗ്ലാദേശ്: ഊർജ്ജ മേഖലയിലെ സഹകരണം.

• കാനഡ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), നൈപുണ്യ വികസനം.

• ന്യൂസിലാൻഡ്: കൃഷി, കന്നുകാലി സമ്പത്ത്.

• കുവൈത്ത്: സാമ്പത്തിക ആസൂത്രണം, റേഡിയോ-ടെലിവിഷൻ സഹകരണം.

• ചൈന: ഉൽപ്പന്ന ഗുണനിലവാര പരിശോധനയിലെ സഹകരണം.

• സൈപ്രസ്, ഹോണ്ടുറാസ്: ടൂറിസം, നിക്ഷേപം.

• പാകിസ്താൻ, നൈജീരിയ, ഗിനിയ: അഴിമതി വിരുദ്ധ പോരാട്ടം.

ഇതുകൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ദേശീയ നയം, ആരോഗ്യകരമായ പോഷകാഹാര നയം എന്നിവയ്ക്കും യോഗം അംഗീകാരം നൽകി. വിവിധ സർക്കാർ വകുപ്പുകളുടെ വാർഷിക റിപ്പോർട്ടുകളും സാമ്പത്തിക കണക്കുകളും മന്ത്രിസഭ അവലോകനം ചെയ്തു.

Show Full Article
TAGS:Saudi Arabia Iran Israel Tensions Iran US Tensions 
News Summary - Saudi Arabia will take all measures to safeguard its security and protect its people; Cabinet affirms
Next Story