സൗദിയിലെ ആദ്യ പാർപ്പിട ദ്വീപായ ‘ലാഹിഖി’ന്റെ നിർമാണം ആദ്യഘട്ടം പൂർത്തിയായി; 2028ൽ തുറക്കും
text_fieldsചെങ്കടൽ വികസന അതോറിറ്റി നിർമിക്കുന്ന ആദ്യ പാർപ്പിട ദ്വീപ് ‘ലാഹിഖി’ന്റെ കാഴ്ചകൾ
റിയാദ്: സൗദിയിലെ ആദ്യത്തെ റെസിഡൻഷ്യൽ ദ്വീപ് ‘ലാഹിഖ്’ 2028ൽ തുറക്കും. റെഡ് സീ ഡെവലപ്മെന്റ് കമ്പനിയാണ് ചെങ്കടൽ വിനോദസഞ്ചാര കേന്ദ്രത്തിൽ പൂർത്തിയാക്കിയ പാർപ്പിട ആവശ്യത്തിനായി നിർമിക്കുന്ന ദ്വീപിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ആദ്യഘട്ട നിർമാണം പൂർത്തിയായി.
ദ്വീപിലെ അനിതരസാധാരണമായ പാർപ്പിട സൗകര്യങ്ങളും സേവനങ്ങളും അവിടെ താമസമുറപ്പിക്കാൻ എത്തുന്നവർക്ക് വേറിട്ട അനുഭവം പ്രദാനംചെയ്യും. ഇത് ആഡംബരത്തിന്റെയും സ്വകാര്യതയുടെയും ഉയർന്ന നിലവാരം പുലർത്തുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 92 ദ്വീപുകളടങ്ങുന്ന സമൂഹത്തിലാണ് ലാഹിഖ് ദ്വീപും സ്ഥിതി ചെയ്യുന്നത്. ഇത് സൗദിയുടെ പടിഞ്ഞാറൻ തീരത്താണ്. മറ്റ് സമുദ്രങ്ങളിൽ കണ്ടെത്താൻ പ്രയാസമുള്ള 2000ലധികം ഇനം അപൂർവ മത്സ്യങ്ങളാണ് ഇവിടെയുള്ളത്.
ലാഹിഖ് ദ്വീപിലെ നിവാസികൾ മനുഷ്യബന്ധങ്ങൾ വളർത്തിയെടുക്കുകയും ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുന്ന ഊർജസ്വലമായ ഒരു സമൂഹത്തിനുള്ളിൽ ആഡംബരപൂർണമായ ജീവിതശൈലി ആസ്വദിക്കുമെന്നും റെഡ് സീ കമ്പനി പറഞ്ഞു.
ദ്വീപ സമൂഹത്തിന്റെ രത്നമാണ് ലാഹിഖ് ദ്വീപ്. അങ്ങനെയൊരു പദവിയാണ് റെഡ് സീ ഡവലപ്മെന്റ് കമ്പനി ഈ ദ്വീപിന് നൽകുന്നത്. 400 ഹെക്ടർ (40 ലക്ഷം ചതുരശ്ര മീറ്റർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ ദ്വീപ്. ഒരു ആഡംബര സമൂഹത്തിന് ഇത് മാതൃകയായി മാറും.
വെളുത്ത മണൽ കടൽത്തീരങ്ങൾ, ഊർജസ്വലമായ പവിഴപ്പുറ്റുകൾ, ലോകത്തിലെ ഏറ്റവും മനോഹരമായി കണക്കാക്കപ്പെടുന്ന തെളിഞ്ഞ ടർക്കോയ്സ് ജലം എന്നിവ ഇവിടെയുണ്ട്. ആഡംബരവും പുനരുജ്ജീവിപ്പിക്കുന്നതുമായ ലക്ഷ്യസ്ഥാനങ്ങളുടെ മുൻനിര ഡെവലപ്പർ എന്ന നിലയിൽ ഞങ്ങളുടെ അഭിലാഷങ്ങൾ ഇതിലും വളരെ അപ്പുറത്താണെന്ന് കമ്പനി പ്രസിഡന്റ് ജോൺ പഗാനോ പറഞ്ഞു. റെഡ് സീ ഇന്റർനാഷനൽ കമ്പനി ഒരു സംയോജിത റിയൽ എസ്റ്റേറ്റ് ഡെവലപ്പറും ഓപ്പറേറ്ററുമാണ്.
സൗദിയെ ജീവിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും സാമ്പത്തിക വൈവിധ്യവത്കരണത്തെ പിന്തുണക്കാനും ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ‘വിഷൻ 2030’ ലക്ഷ്യം കൈവരിക്കുന്നതിന് സംഭാവന നൽകുന്ന സ്വകാര്യ റസിഡൻഷ്യൽ കമ്യൂനിറ്റികൾ വികസിപ്പിക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.
ലാഹിഖ് ദ്വീപിലെ സ്വകാര്യ റെസിഡൻഷ്യൽ യൂനിറ്റുകൾ കര, കടൽ, ആകാശം, പ്രാദേശിക സസ്യങ്ങൾ എന്നിവയിലും പ്രകൃതിയുടെ ഐക്യത്തിലും നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ദ്വീപിന്റെ ചൈതന്യത്തെ പ്രതിഫലിപ്പിക്കുകയും പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുകയും ചെയ്യുന്നതരം മേൽക്കൂരകളാണ് ഇവിടെ കെട്ടിടങ്ങൾക്കായി നിർമിക്കുന്നത്.
മേൽക്കൂരയും, ബാൽക്കണികൾ, പൂന്തോട്ടങ്ങൾ, മനോഹരമായ പുറം മുറ്റങ്ങൾ എന്നിവയും അലങ്കരിക്കുന്നതിന് പ്രകൃതിദത്ത മരങ്ങളാണ് ഉപയോഗിക്കുന്നതെന്നും ജോൺ പഗാനോ പറഞ്ഞു.താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ ഒരുപോലെ നിറവേറ്റുന്ന വൈവിധ്യമാർന്ന വിനോദ മേഖലകളും സ്ഥാപനങ്ങളും ലാഹിഖ് ദ്വീപ് വാഗ്ദാനം ചെയ്യുന്നു. മറീനയിൽ യാച്ചുകൾക്കായി 115 ബെർത്തുകൾ ഒരുക്കും.
സെയിലിങ്, വാട്ടർ സ്പോർട്സ് വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ഒരു ടെന്നീസ് ക്ലബ്, ഫിറ്റ്നസ് സെന്റർ, സ്പോർട്സ് കോർട്ടുകൾ, മനോഹരമായ 18 ഹോൾ ഗോൾഫ് കോഴ്സ്, വന്യജീവി പ്രേമികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത പാർക്ക് എന്നിവയും ദ്വീപിൽ ഉൾപ്പെടുമെന്നും ജോൺ പഗാനോ പറഞ്ഞു.