സൗദിയിൽ 14 പുതിയ എണ്ണ, പ്രകൃതി വാതക ശേഖരങ്ങൾ കണ്ടെത്തി
text_fieldsപുതുതായി കണ്ടെത്തിയ എണ്ണപ്പാടങ്ങളിലൊന്ന്
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലും അതിനോട് ചേർന്നുകിടക്കുന്ന റുബുൽ ഖാലിയിലും (ശൂന്യ മരുഭൂമി) പുതുതായി എണ്ണ, പ്രകൃതി വാതക പാടങ്ങൾ, ശേഖരം എന്നിവ കണ്ടെത്തി. സൗദി ആരാംകോയുടെ നേതൃത്വത്തിൽ നടത്തിയ പര്യവേക്ഷണത്തിലാണ് ഇവ കണ്ടെത്തിയതെന്ന് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു.
ഇതിൽ ആറ് എണ്ണ പാടങ്ങളും രണ്ട് എണ്ണ സംഭരണികളും കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും റുബുൽ ഖാലിയിലുമായാണ് കണ്ടെത്തിയിരിക്കുന്നത്. അയ്ഫാൻ, ജുബൈല, ഉനൈസ, ജാബു, സയാഹിദ് എന്നിവ കിഴക്കൻ പ്രവിശ്യയിലും നുവൈർ, ദംഡ, ഖുർഖാസ് എന്നിവ റുബുൽ ഖാലിയിലുമാണ് സ്ഥിതി ചെയ്യുന്നത്.
പുതുതായി കണ്ടെത്തിയതിൽ രണ്ട് വാതക പാടങ്ങളും നാലു വാതക സംഭരണികളും കൂടിയുണ്ട്. ഗിസ്ലാൻ, അറാം എന്നീ വാതക പാടങ്ങളും ഖുസൈബ സംഭരണിയും (മിഹ്വാസ് പാടം) കിഴക്കൻ പ്രവിശ്യയിലാണ്. റുബുൽ ഖാലിയിൽ കണ്ടെത്തിയ ഗ്യാസ് റിസർവോയറുകളായ അറബ് സി, അറബ് ഡി, അപ്പർ ജുബൈല എന്നിവ മർസൂഖ് ഫീൽഡിലാണ് സ്ഥിതിചെയ്യുന്നത്.
ഈ കണ്ടെത്തലുകൾ ആഗോള ഊർജ മേഖലയിൽ രാജ്യത്തിന്റെ മുൻനിര സ്ഥാനം ഉറപ്പിക്കുന്ന മുതൽക്കൂട്ടാവുമെന്ന് ഊർജ മന്ത്രി പറഞ്ഞു. സമ്പന്നമായ ഹൈഡ്രോകാർബൺ വിഭവങ്ങളുടെ കൈവശം ഇത് സ്ഥിരീകരിക്കുന്നു. ഇത് സാമ്പത്തിക വികസനത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുകയും വരും ദശാബ്ദങ്ങളിൽ പ്രാദേശികവും ആഗോളവുമായ ഊർജ ആവശ്യം കാര്യക്ഷമമായും സുസ്ഥിരമായും നിറവേറ്റാനുള്ള സൗദിയുടെ ശേഷിയെ പിന്തുണക്കുകയും ചെയ്യുന്നു.
ഈ കണ്ടെത്തലുകൾ സാമ്പത്തിക വളർച്ചയുടെ സുസ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കുന്നു. ‘വിഷൻ 2030’ന് അനുസൃതമായി പ്രകൃതിവിഭവങ്ങളുടെ പരമാവധി ഉപയോഗം, ആഗോള ഊർജ സുരക്ഷ വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമാണിതെന്നും സൗദി ആരാംകോ അധികൃതർ പറഞ്ഞു.