ഓൺലൈൻ ഗെയിമിങ് വ്യവസായത്തിന് പിന്തുണയുമായി സൗദി അധികൃതർ
text_fieldsയാംബു: സൗദിയിലെ ഓൺലൈൻ ഗെയിമിങ് വ്യവസായ മേഖലയിൽ യുവാക്കളെ പിന്തുണക്കാൻ പുതിയ പദ്ധതി ഒരുങ്ങുന്നു. നാഷനൽ ടെക്നോളജി ഡെവലപ്മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സൗദി വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ‘ഗെയിം ബൈ കോഡ്’ എന്ന പേരിൽ വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. പുതിയ കാലത്ത് ഓൺലൈൻ ഗെയിമിങ് വിനോദത്തിൽ മാത്രമല്ലെന്ന തിരിച്ചറിവും സർഗാത്മകതയെ സ്നേഹിക്കുന്നവർക്ക് ഇതൊരു നല്ല കരിയർ ഓപ്ഷനുമായി മാറിയ സാഹചര്യത്തിലാണ് സൗദി അധികൃതർ ഈ മേഖലയിൽ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി രംഗത്തിറങ്ങിയത്.
അതിവേഗം വളരുന്ന സാങ്കേതിക മേഖലയിൽ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ് സൗദി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും രാജ്യം ഇതിനകം വൻ കുതിപ്പ് അടയാളപ്പെടുത്തിക്കഴിഞ്ഞു. ഗെയിമിങ് വ്യവസായ മേഖലയിൽ പുതിയ ഗെയിമുകൾ വികസിപ്പിക്കാൻ യുവാക്കളെ പ്രാപ്തരാക്കാൻ പുതിയ പദ്ധതികൾ വഴിവെക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
യൂനിവേഴ്സിറ്റി വിദ്യാർഥികൾ, യുവ ബിസിനസുകാർ, ഗെയിം ഡെവലപ്പർമാർ എന്നിവർക്ക് ഗെയിമിങ് വ്യവസായ മേഖലയിൽ പുതിയ ദിശ നൽകുവാനും അവരുടെ കരിയറിൽ സഹായിക്കുന്നതിനും രാജ്യത്ത് ഡിജിറ്റൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ‘ഗെയിം ബൈ കോഡ്’ എന്ന പരിപാടി ലക്ഷ്യമിടുന്നു. ആശയങ്ങൾ പ്രായോഗികവും വിപുലീകരിക്കാവുന്നതുമായ പ്രോജക്ടുകളാക്കി മാറ്റുന്നതിന് വിദഗ്ധർ, സാങ്കേതിക മാർഗ നിർദേശം, പ്രായോഗിക പരിശീലനം, വിഭവങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സംയോജിത ഇൻകുബേറ്ററാണ് ഈ പദ്ധതി വഴി നൽകുന്നത്.
തെരഞ്ഞെടുത്ത നിക്ഷേപകരുടെയും ഗെയിമിങ് വ്യവസായ വിദഗ്ധരുടെയും സംഘത്തിന് അവരുടെ മികവുറ്റ പ്രോജക്ടുകൾ അവതരിപ്പിക്കുന്നതിന് അവസരം നൽകാനും ഈ പദ്ധതി വഴി സാധിക്കും. ഓരോ നഗരത്തിൽ നിന്നുമുള്ള മികച്ച ടീമിന് നാഷനൽ ടെക്നോളജി ഡെവലപ്മെന്റ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന അംഗീകാരവും ലഭിക്കും.
ഗെയിം ആർട്ട്, പ്രോഗ്രാമിങ്, ഡിസൈൻ, സംരംഭകത്വം എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് മാസത്തെ ആദ്യഘട്ട പരിപാടി റിയാദ്, ജിദ്ദ, അൽ ഹുഫൂഫ് എന്നിവിടങ്ങളി ലാണ് നടക്കുന്നത്. രാജ്യത്തിന്റെ ഡിജിറ്റൽ സംരംഭകത്വമേഖല മെച്ചപ്പെടുത്തുന്നതിനും യുവ പ്രതിഭകളെ പിന്തുണക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഡിജിറ്റൽ സംരംഭകത്വത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.